പാകിസ്ഥാനിൽ ഭീകരാക്രമണം; 15 പൊലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ ബാനു ജില്ലയിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം.

സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയ ശേഷമാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ വെടിവയ്പ്പും സ്‌ഫോടന പരമ്പരകളും ഉണ്ടായി. അത്യാധുനിക ആയുധങ്ങളുമായെത്തിയ ഭീകരർ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസ് സ്റ്റേഷനെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു.

സംഭവത്തെ അപലപിച്ച മുഹമ്മദ് സൊഹൈൽ അഫ്രിദി ആക്രമണത്തെ “ഭീകരവും ഭീരുത്വപരവും” എന്ന് വിശേഷിപ്പിച്ചു. സുരക്ഷാസേന ഉടൻ തിരിച്ചടി ആരംഭിച്ചെങ്കിലും എത്ര ഭീകരരെ വധിച്ചുവെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

തുടർച്ചയായ സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. സംഘർഷബാധിതമായ വടക്കൻ വസീറിസ്ഥാനോട് ചേർന്നുള്ള ബാനു ജില്ലയിൽ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണങ്ങൾ പതിവാണെങ്കിലും ഇത്രയും വലിയ ആൾനാശം സംഭവിക്കുന്ന ആക്രമണം അപൂർവമാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെ ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. ഇതുവരെ ഒരു ഭീകരസംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെഹ്‌രികെ താലിബാൻ പാകിസ്ഥാൻ ആണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്ന് പാകിസ്ഥാൻ ആരോപിക്കുന്നുണ്ടെങ്കിലും അഫ്ഗാൻ ഭരണകൂടം അത് നിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *