സിറിയക്കുമേലുള്ള ഉപരോധങ്ങൾ നീക്കി അമേരിക്ക

വാഷിങ്ടൺ: സിറിയക്കുമേലുള്ള ഉപരോധങ്ങൾ നീക്കി അമേരിക്ക. 518 സിറിയൻ വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധ പട്ടികയിൽ നിന്ന് നീക്കിയ ഉത്തരവിൽ ട്രംപ് ഒപ്പിട്ടു. സിറിയ-ഇസ്രായേൽ ബന്ധം സാധാരണനിലയിലാക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്. മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും.
തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായം നൽകുമെന്ന് ഡൊണൾഡ് ട്രംപ് അറിയിച്ചു. വികസനത്തിലേക്കുള്ള വാതിൽ തുറന്നെന്ന് സിറിയൻ ഭരണകൂടം പ്രതികരിച്ചു. സിറിയക്കെതിരെ നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന ഉപരോധമാണ് അമേരിക്ക പിന്‍വലിച്ചത്.
കഴിഞ്ഞ മെയിൽ റിയാദിൽ നടന്ന സൗദി-യുഎസ് നിക്ഷേപ ഉച്ചകോടിയിൽ സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെ അഭ്യര്‍ത്ഥനമാനിച്ചാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ യുഎസ് വിദേശകാര്യ സെക്രട്ടറി സിറിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സമാധാനത്തിലേക്കും സ്ഥിരതയിലേക്കും രാജ്യത്തെ നയിക്കാൻ അമേരിക്കയുടെ തീരുമാനം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.



