നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്;ആര്യാടൻ ഷൗക്കത്തിന് 11432 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം

മലപ്പുറം: നിലമ്പൂ‌ർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 11432 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. 76493 വോട്ടുകൾ നേടിയാണ് യുഡിഎഫിനായി നിലമ്പൂർ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. 65,061 വോട്ടുകൾ നേടി എൽഡിഎഫിന്റെ എം സ്വരാജ് രണ്ടാമതെത്തി. 19,946 വോട്ടുകൾ നേടി പി വി അൻവർ നിർണായക ശക്തിയായി. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് 8706 വോട്ടുമായി നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ഒരു പതിറ്റാണ്ടിനുശേഷമാണ് നിലമ്പൂർ യുഡിഎഫിന്റെ കയ്യിലെത്തുന്നത്. എട്ട് തവണ ആര്യാടൻ മുഹമ്മദ് ജയിച്ച മണ്ഡലമാണ് ഇനി മകൻ ഷൗക്കത്ത് ഭരിക്കുന്നത്. കൂട്ടായ്‌മയുടെ വിജയമാണ് ഇതെന്നാണ് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്. മണ്ഡലത്തിലുടനീളം യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം തുടങ്ങി.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ വന്നുതുടങ്ങിയപ്പോൾ തന്നെ ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയിരുന്നു.

യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിൽ അൻവർ നടത്തിയ മുന്നേറ്റം ഷൗക്കത്തിന്റെ കുതിപ്പിന് നേരിയ തടസം ഉണ്ടാക്കിയെങ്കിലും വിജയം ഉറപ്പിക്കുകയായിരുന്നു.അതേസമയം, സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ പോലും എൽഡിഎഫിന്റെ എം സ്വരാജിന് ലീഡുയർത്താനായില്ല. 800 വോട്ട് ലീഡ് നേടി യുഡിഎഫാണ് അവിടെയും മുന്നിലെത്തിയത്. കഴിഞ്ഞ തവണ ഇവിടെ 506 വോട്ടിന് എൽഡിഎഫ് മുന്നിലായിരുന്നു. പോത്തുകൽ പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. വോട്ടെണ്ണലിലുടനീളം എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് പിന്നിൽ തന്നെയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *