വോട്ടെടുപ്പിനിടെ പി വി അൻവറിനെ കണ്ട് ഓടിയെത്തി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ: വോട്ടെടുപ്പിനിടെ പി വി അൻവറിനെ കണ്ട് ഓടിയെത്തി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. തന്നെ കണ്ട് അടുത്തെത്തിയ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്നാണ് ആദ്യം അൻവർ പറഞ്ഞത്. കെെ കൊടുത്ത ശേഷം കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല. നിലമ്പൂർ മാനവേദൻ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും.

അൻവർ ഉണ്ടെന്ന് അറിഞ്ഞ് ഇവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകൾക്ക് മുന്നിൽ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അൻവർ പറഞ്ഞു. ഇതോടെ കെെ കൊടുത്ത് ആര്യാടൻ ഷൗക്കത്ത് പിന്തിരിഞ്ഞുനടന്നു. ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പി വി അൻവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്വരാജും ഷൗക്കത്തും കെട്ടിപ്പിടിച്ചതിനെയും അൻവർ വിമർശിച്ചു. രണ്ട് അഭിനേതാക്കൾ തമ്മിലാണ് കെട്ടിപ്പിടിച്ചതെന്നും താൻ പച്ച മനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണെന്നും അഭിയിക്കാനറിയില്ലെന്നും അദ്ദേഹം പറഞ്ഞു.’സ്ഥാനാർത്ഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷേ അത് ആത്മാർത്ഥമായിരിക്കണം. പിന്നിൽ കൂടി പാര വയ്ക്കരുത്.

ആർഎസ്എസുമായി ബന്ധമില്ലെന്ന പിണറായിയുടെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാണ്. ഇന്നലെ പിണറായി അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിന്റെ ആളുകൾക്കൊപ്പമായിരിക്കാം. സ്വന്തം മകളെ രക്ഷപ്പെടുത്താൻ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായി’ -അദ്ദേഹം വിമർശിച്ചു.വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം,​ സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം,​ താൻ നിയമസഭയിലേക്ക് പോകുമെന്ന് അൻവർ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചരണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *