യുഡിഎഫ് മന്ത്രിസഭയ്ക്ക് അന്തിമരൂപം; കെപിസിസിയിൽ ഉഭയകക്ഷി ചർച്ചകൾ സജീവം

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുന്നു. കെപിസിസി ആസ്ഥാനത്ത് രാവിലെ മുതൽ പ്രമുഖ നേതാക്കളുടെ തിരക്കേറിയ യോഗങ്ങളാണ് നടക്കുന്നത്. നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്.

മന്ത്രിമാരുടെ അന്തിമ പട്ടികയും വകുപ്പുകളും ഇന്ന് രാത്രിയോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കോൺഗ്രസ് മന്ത്രിസ്ഥാനങ്ങളിൽ പ്രാഥമിക ധാരണയായതായാണ് റിപ്പോർട്ടുകൾ.

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പായതായി റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, എം. ലിജു, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകൾക്കും മുൻഗണന ലഭിക്കുന്നതായി സൂചന. ചാണ്ടി ഉമ്മൻ, ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ എന്നിവരും പരിഗണനയിലാണ്.

തിരുവഞ്ചൂർ രാധാകൃഷ്ണൻയെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും മന്ത്രിസ്ഥാനം തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം തുടരുമ്പോൾ നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും നൽകാമെന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പായപ്പോൾ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്റഫ് എന്നിവരുടെ പേരുകളും ചർച്ചയിൽ.

മാണി സി. കാപ്പൻ, അനൂപ് ജേക്കബ്, സി.പി. ജോൺ എന്നിവർക്കായി ടേം വ്യവസ്ഥയും ചർച്ചയിലാണ്. മന്ത്രിസ്ഥാനം നൽകാമെന്ന് നേതൃത്വം ഉറപ്പുനൽകിയതായും വകുപ്പിൽ തീരുമാനമായിട്ടില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.

കൊടിക്കുന്നിൽ സുരേഷ്, ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ചർച്ചകൾക്കായി കെപിസിസി ആസ്ഥാനത്ത് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button