കേരളത്തിലെ ഈ വിമാനത്താവളത്തിന്റെ തലവര മാറുന്നു; ലക്ഷ്യമിടുന്നത് 250 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളുടെ പട്ടികയില്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാനുണ്ടായിരുന്ന വിമാനത്താവളം. മിക്ക എയര്‍ലൈന്‍ കമ്പനികളും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും വാര്‍ഷിക പ്രവര്‍ത്തനം നഷ്ടത്തിന്റെ കണക്കിലായിരിക്കുകയും ചെയ്ത കണ്ണൂര്‍ വിമാനത്താവളം വീണ്ടും വികസനത്തിന്റെ ടേക്ക് ഓഫ് നടത്താനുള്ള റണ്‍വേയിലാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം വരുമാനം എന്നിവയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 93 ശതമാനമാണ് യാത്രക്കാരുടെ വര്‍ദ്ധന നിരക്ക്, വരുമാനത്തിലെ വര്‍ദ്ധനവ് 27 ശതമാനവും. 13.4 ലക്ഷം യാത്രക്കാരാണ് 2024-25 വര്‍ഷം കണ്ണൂര്‍ വിമാനത്താവളം വഴി യാത്രചെയ്തത്. ആകെ 11,430 വിമാനസര്‍വീസുകളാണ് നടത്തിയത്. 195 കോടി രൂപയുടെ വരുമാനമാണ് 2024-25 വര്‍ഷത്തില്‍ കിയാലിനുണ്ടായത്. 101 കോടി രൂപയായിരുന്നു 2023-24 വര്‍ഷത്തെ വരുമാനം.പുതിയ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍, മേയ് മാസങ്ങളിലെ കണക്കും കിയാലിന് പ്രതീക്ഷ പകരുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 39 ശതമാനമാണ് ഈ വര്‍ഷം ഏപ്രിലില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിട്ടുള്ള വര്‍ദ്ധനവ്. രണ്ട് മാസങ്ങളിലായി 41 കോടി രൂപയാണ് കിയാലിന്റെ പെട്ടിയില്‍ വീണത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 20 ലക്ഷം യാത്രക്കാരും 250 കോടിയുടെ വരുമാനവുമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ലക്ഷ്യമിടുന്നത്.ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ പുതിയ സര്‍വീസുകള്‍ ആരഭിച്ചിട്ടുണ്ട്. ഉത്തരമലബാറിലെ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ പ്രതീക്ഷ നല്‍കിക്കൊണ്ട് ഗള്‍ഫ് മേഖലയിലേക്കും സര്‍വീസ് വര്‍ദ്ധിപ്പിച്ചു.

ന്യൂഡല്‍ഹി, ഫുജൈറ, മസ്‌കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ തുടങ്ങിയിരുന്നു. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി വിവിധ എയര്‍ലൈന്‍ കമ്പനികളുമായുള്ള ചര്‍ച്ച ഉള്‍പ്പെടെ പുരോഗമിക്കുകയാണിപ്പോള്‍. സര്‍വീസുകള്‍ വര്‍ദ്ധിക്കുന്ന മുറയ്ക്ക് വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് പ്രതീക്ഷിക്കുകയാണ് കിയാല്‍ അധികൃതര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *