അനാവശ്യ കേബിളുകൾ നീക്കാൻ തിരുവനന്തപുരം നഗരസഭ; ആദ്യഘട്ടം അഞ്ച് വാർഡുകളിൽ

ഇന്ത്യയിൽ വാരണാസിക്കും മുംബൈക്കും ശേഷം പദ്ധതി നടപ്പാക്കുന്ന നഗരങ്ങളിലൊന്നായി തിരുവനന്തപുരം
തിരുവനന്തപുരം: നഗരത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി വലിച്ചിട്ടിരിക്കുന്നതും പൊട്ടിപ്പൊളിഞ്ഞ് അപകടഭീഷണി ഉയർത്തുന്നതുമായ ഓവർഹെഡ് കേബിളുകളും ടെലിഫോൺ, ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ പദ്ധതി തയ്യാറാക്കി. ഇന്ത്യയിൽ വാരണാസി, മുംബൈ നഗരങ്ങളിൽ മാത്രമാണ് സമാനമായ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുള്ളതെന്ന് നഗരസഭ അറിയിച്ചു.
നഗരസഭാ പരിധിയിലെ അനാവശ്യ കേബിളുകൾ നീക്കം ചെയ്യണമെന്ന ആവശ്യം നേരത്തെ കൗൺസിൽ പ്രമേയത്തിലൂടെ ഉന്നയിച്ചിരുന്നു. നിരവധി അപകടങ്ങൾക്കും ജീവഹാനിക്കും കാരണമായിട്ടുള്ള കേബിളുകൾ ബന്ധപ്പെട്ട സേവനദാതാക്കൾ നീക്കം ചെയ്തില്ലെങ്കിൽ നഗരസഭ നേരിട്ട് നീക്കം ചെയ്യുമെന്നും ചെലവിനും നഷ്ടത്തിനും ഉത്തരവാദികളായ സേവനദാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും തീരുമാനിച്ചിരുന്നു.
ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സർവീസ് പ്രൊവൈഡർമാർ, ഫ്രാഞ്ചൈസികൾ എന്നിവരുടെ യോഗത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ഡിവൈൻ നെറ്റ്വർക്കിനാണ് കരാർ നൽകിയിരിക്കുന്നത്.
ടാഗ് ചെയ്യാത്ത കേബിളുകൾ പൂർണമായും മുറിച്ചുമാറ്റിയശേഷം ശേഷിക്കുന്ന കേബിളുകൾ മെഷീൻ ഉപയോഗിച്ച് ഒരുമിച്ച് ക്രമീകരിച്ച് ക്ലിപ്പ് ചെയ്യും. നഗരസഭയുടെ 101 വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നീ അഞ്ച് വാർഡുകളെയാണ് തിരഞ്ഞെടുത്തത്.
പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 12 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മേയർ വി.വി. രാജേഷ് നിർവഹിക്കും. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അധ്യക്ഷത വഹിക്കും. ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ സ്വാഗതം ആശംസിക്കും.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കരമന അജിത്, വി. സത്യവതി, എം.ആർ. ഗോപൻ, മഞ്ജു ജി.എസ്., ചെമ്പഴന്തി ഉദയൻ, സിന്ധു ശശി, നഗരസഭയിലെ ബിജെപി ലീഡർ പാപ്പനംകോട് സജി, എൽഡിഎഫ് ലീഡർ എസ്.പി. ദീപക്, യുഡിഎഫ് ലീഡർ കെ.എസ്. ശബരിനാഥൻ, പാളയം കൗൺസിലർ ഷേർളി, കോർപറേഷൻ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, സൂപ്രണ്ടിങ് എൻജിനീയർ സജീഷ്, എ.എക്സ്.ഇ. സുമ എന്നിവർ ചടങ്ങിൽ സംസാരിക്കും.
അലക്ഷ്യമായി കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യുന്നതിലൂടെ നഗരത്തിലെ കാഴ്ചാഭംഗി മെച്ചപ്പെടുത്തുന്നതിനും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും നേരിടുന്ന അപകടസാധ്യത കുറയ്ക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷ.



