‘തെറ്റുപറ്റി, തിരിച്ചെടുക്കണം’; കോൺഗ്രസിലേക്ക് മടങ്ങാൻ മാപ്പപേക്ഷയുമായി പത്മജയും പത്മിനിയും

തിരുവനന്തപുരം: ബി.ജെ.പി വിട്ടതിന് പിന്നാലെ കോൺഗ്രസിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് പദ്മജ വേണുഗോപാൽ കെ.പി.സി.സിക്ക് കത്തുനൽകി. തെറ്റുപറ്റിയെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും അറിയിച്ചാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇ-മെയിൽ വഴി കത്തയച്ചത്. പാർട്ടിയിൽ തിരിച്ചെടുക്കണമെന്നാണ് പദ്മജയുടെ ആവശ്യം.

പദ്മജയ്ക്ക് പിന്നാലെ ബി.ജെ.പി വിട്ട പദ്മിനി തോമസും കോൺഗ്രസിലേക്ക് മടങ്ങാൻ കത്തുനൽകി. കെ.പി.സി.സി ആസ്ഥാനത്തെത്തിയ പദ്മിനി നേരിട്ട് കത്ത് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും ബി.ജെ.പി ബന്ധം ഉപേക്ഷിച്ചതായി അറിയിച്ചത്. പാർട്ടി പ്രതിസന്ധിയിലായിരുന്ന സമയത്ത് കോൺഗ്രസ് വിട്ടുപോയവരെ തിരിച്ചെടുക്കരുതെന്ന നിലപാടിലായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ.

എന്നാൽ ഇരുവരും തെറ്റ് സമ്മതിച്ച് മാപ്പപേക്ഷിച്ച് കത്തുനൽകിയതോടെ തിരിച്ചെടുക്കുന്നതിനെതിരായ എതിർപ്പുകൾക്ക് അയവുവന്നതായാണ് വിവരം. ഇരുവരെയും പാർട്ടിയിൽ തിരിച്ചെടുക്കാനാണ് തീരുമാനമെന്നാണ് സൂചന. ഇവരുടെ പുനഃപ്രവേശനം സംബന്ധിച്ച് അടുത്ത കെ.പി.സി.സി നിർവാഹകസമിതി യോഗത്തിൽ ചർച്ചചെയ്ത് അന്തിമ തീരുമാനമെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button