“നീതിന്യായ വ്യവസ്ഥയെ ഭയപ്പെടുത്താനാവില്ല”; രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ്, മാർച്ചിനെതിരെ രൂക്ഷ പരാമർശം!

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേട് ആരോപിച്ച് തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. പ്രതിഷേധ സമയത്ത് കോടതി വളപ്പിലുള്ള സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാനും കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. രാഹുൽ ഗാന്ധിക്ക് പുറമേ സമാജ്വാദി എംപി അഖിലേഷ് യാദവിനും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്കുമെതിരെ കോടതി നോട്ടീസയച്ചിട്ടുണ്ട്.
കോടതി പരിസരത്ത് രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നതിന് നിയന്ത്രണ ചട്ടങ്ങൾ വേണമെന്നും നേതാക്കൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസയച്ചിരിക്കുന്നത്. ആർക്കും നീതിന്യായ വ്യവസ്ഥയെ ഭയപ്പെടുത്താനോ സമ്മർദത്തിലാക്കാനോ കഴിയില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധവും മാർച്ചും വെറും ദുർബലമായ ശ്രമങ്ങളാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒറ്റപ്പെട്ട ഗോപുരത്തിലല്ല ഇരിക്കുന്നത്, കോടതിക്ക് പുറത്തും അകത്തും നടക്കുന്ന കാര്യങ്ങൾ തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും ബെഞ്ച് ഓർമിപ്പിച്ചു. അതേസമയം, വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ നൽകിയ പ്രധാന ഹജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.



