“ശ്രീലേഖയ്ക്ക് എന്തോ ഗുരുതര പ്രശ്നമുണ്ട്!”; രാജിയും പിൻവലിക്കലും പരിഹസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലഹരി വിരുദ്ധ വേട്ടയ്ക്കായി കേരള പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ വ്യാജമാണെന്ന ആർ. ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുൻ ഡി.ജി.പി. പദവിയിലിരുന്ന ഒരാൾ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ സംസാരിക്കുന്നത് ശരിയാണോയെന്ന് സ്വയം ചിന്തിക്കണമെന്നും, ആരോപണം പിൻവലിച്ച് അവർ പരസ്യമായി മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജൂൺ രണ്ടിന് ആരംഭിച്ച ഓപ്പറേഷൻ തൂഫാനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നും സേനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്കെതിരായ ശ്രീലേഖയുടെ അധിക്ഷേപ പരാമർശവും പിൻവലിച്ച് മാപ്പുപറയണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ അവർ വിവാദ പരാമർശം നടത്തിയത്. “ഒരു ദിവസം രാജിവെക്കും, പിന്നീട് അത് പിൻവലിക്കും, അവർക്ക് എന്തോ ഗുരുതര പ്രശ്നമുണ്ട്” എന്നും മന്ത്രി പരിഹസിച്ചു. ഇതിനുപുറമേ, ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത എൻ.എസ്.യു.

നേതാവും നിയമവിദ്യാർത്ഥിനിയുമായ ആതിരയ്‌ക്കെതിരെ ഡൽഹി പോലീസ് നടത്തിയ അതിക്രമത്തെയും മന്ത്രി ശക്തമായി അപലപിച്ചു. ആതിരയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും ഡൽഹി പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ലഭിച്ച പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമനടപടികൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനും സമരങ്ങളിൽ പങ്കെടുക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല അതിന്റെ പേരിൽ വിദ്യാർത്ഥിനിക്കെതിരെ അതിക്രമം കാട്ടിയത് ഗൗരവകരമാണെന്ന് വ്യക്തമാക്കി. കേരള പോലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം നിർണായകമാണെന്നും, ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ ആതിര നൽകിയ പരാതിയിൽ സംസ്ഥാന സർക്കാർ നിയമപരമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button