ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തമ്പി ആന്റണി

‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടനും നിർമാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി. ഇന്നാണെങ്കിൽ ജാനകീ ജാനേ’ എന്ന പാട്ടുപോലും നിരോധിക്കേണ്ടിവന്നേനെയെന്നും മൃഗങ്ങളുടെ കാര്യത്തിലും സെൻസർ ബോർഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഏതു വളർത്തു മൃഗങ്ങളെയും കൊന്നു തിന്നാം, പക്ഷെ സിനിമയിൽ കാണിച്ചാൽ നൂറുകൂട്ടം നൂലാമാലകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമ്പി ആന്റണിയുടെ കുറിപ്പ്:

സുരേഷ് ഗോപിയുടെ JSK: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയോടനുബന്ധിച്ചുള്ള വിവാദം കണ്ടപ്പോൾ ജനകീ ജാനേ… എന്ന പ്രശസ്തമായ ഒരു പാട്ടാണ് ഓർമ്മ വരുന്നത്. ഇന്നാണെങ്കിൽ ആ പാട്ടുപോലും നിരോധിക്കേണ്ടി വരുമായിരുന്നു എന്നകാര്യത്തിൽ സംശയമില്ല. ജാനകി എന്ന പേരിലുള്ള ഒരു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, പ്രകാശ് ബാരെയുംകൂടി നിർമാണപങ്കാളിയായ ഈ സിനിമയുടെ സംവിധായകനും തിരകഥാകൃത്തും എം.ജി. ശശിയായിരുന്നു. ചെറിയകുട്ടിയായ നായിക, ജാനകിയെ ജാനു എന്നുമാത്രമേ ആ സിനിമയിൽ എല്ലാവരും വിളിച്ചിട്ടുള്ളു. അതുകൊണ്ടാണോ സെൻസർ ബോർഡ് വെറുതെ വിട്ടത് എന്നൊരു സംശയം ഇപ്പോൾ തോന്നാൻ കാരണം JSK എന്ന മൂവിയെ ചൊല്ലിയുള്ള വിവാദംതന്നെയാണ്. സുരേഷ് ഗോപിയുടെ JSK യിൽ ജാനകി എന്ന് പതിനാലു പ്രാവശ്യം വിളിക്കുന്നുണ്ടുപോലും.

ആദ്യ സിനിമ മുതൽ ഇങ്ങനെ ദൈവങ്ങളുടെ പേരുകൾ ഉള്ള സിനിമകൾക്കു കയ്യും കണക്കുമില്ല. ജനശ്രദ്ധ പിടിച്ചുപറ്റിയ രാവണപ്രഭുവിലെ നായിക ജാനകി ആയിരുന്നു. എല്ലാവരുടെയും പേരുകൾ ഏതെങ്കിലുമൊക്കെ ദൈവങ്ങളുടേതാണ്, ജാനകി സീതയാണ് അതുപോലേ എല്ലാ ദൈവങ്ങളുടെ പേരുകൾക്കും ഒന്നിലധികം പര്യായങ്ങൾ ഉണ്ട്. അബ്രഹാം എന്നു പേരിട്ടാൽ മൂന്നു മതങ്ങളുമായിട്ടു ബന്ധപ്പെട്ടതാണ്. ഇതിനു മുൻപും പേരുകൾ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരദ്ധ്യാപകൻ പേരെഴുതിയതിന്റെ പരിണതഫലം നമുക്കെല്ലാവർക്കും അറിവുള്ളതാണ്.

മൃഗങ്ങളുടെ കാര്യത്തിലും സെൻസർ ബോർഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഏതു വളർത്തു മൃഗങ്ങളെയും കൊന്നു തിന്നാം, പക്ഷെ സിനിമയിൽ കാണിച്ചാൽ നൂറുകൂട്ടം നൂലാമാലകളാണ്. ഇതൊക്കെ ഇന്ത്യയിലെ സിനിമകൾക്കു മാത്രമേയുള്ളു എന്നതാണ് ഏറ്റവും വിചിത്രം. വന്നുവന്നിപ്പോൾ സാക്ഷരകേരളം മതത്തിന്റയും സുംബാ ഡാൻസിന്റെയും പേരിൽ നൂറ്റാണ്ടുകൾ പിറകോട്ടു പോവുകയാണ് എന്നാണിപ്പോൾ തോന്നുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *