ജിഎൻഎ കരാറിൽ ഒപ്പിട്ടിട്ടില്ല; കരാർ ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങലിൽ ജിഎൻഎയുമായി കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ല. ജിഎന്‍എ കമ്പനിയുമായി വൈദ്യുതി വാങ്ങുന്നതിന് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയല്‍ തന്റെ മുന്നിലെത്തിയിരുന്നു. ഹിമാചല്‍ പ്രദേശില്‍നിന്നും ജിഎന്‍എ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള രണ്ട് നിര്‍ദേശങ്ങളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രയോജനകരമായ ഓപ്ഷന് തിരഞ്ഞെടുക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസങ്ങളില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പവര്‍കട്ടിന് കാരണം മുന്‍ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.അതേസമയം, ജിഎന്‍എ കരാര്‍ അറിഞ്ഞില്ലെന്ന മന്ത്രി സണ്ണി ജോസഫിന്റെ അഭിപ്രായം മുഖ്യമന്ത്രി തള്ളി. ജിഎന്എയുമായി ആരാണ് കരാറുണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു. തീരുമാനങ്ങള്‍ മന്ത്രി അറിയുന്നില്ലെന്ന സണ്ണി ജോസഫിന്റെ വാദവും മുഖ്യമന്ത്രി നിഷേധിച്ചു.
ഫയല്‍ തനിക്ക് തന്നത് മന്ത്രിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അതിനാല്‍ നിലവില്‍ അധിക വില നല്കി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.നവംബര്‍ ഒന്നുമുതല്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നവംബര്‍ 29ന് ലഭിച്ച റിപ്പോര്‍ട്ടിലും ദീര്‍ഘകാല വൈദ്യുതി കരാര്‍ ആവശ്യമായി വരുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് തന്റെ മേല്‍ സമ്മര്‍ദമുണ്ടാക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി ആരോപിച്ചു.പത്ത് വർഷം കഴിഞ്ഞ സർക്കാർ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ച വിഡി സതീശൻ ഏത് രേഖയാണ് പ്രതിപക്ഷ നേതാവിന് വേണ്ടതെന്നും എല്ലാ കാര്യങ്ങളും കൃത്യമായാണ് നടക്കുന്നതെന്നും പറഞ്ഞു.
പിണറായി വിജയൻ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൂടിച്ചേർന്നിട്ടുണ്ട്. ഗോവിന്ദന് എന്താണെന്ന് പോലും മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.അതേസമയം, യുഡിഎഫ് യോഗത്തിന്റെ തീയതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അത് താൻ അറിയിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അടൂർ പ്രകാശിന്റെ അഭിപ്രായങ്ങളോട് വി ഡി സതീശൻ പ്രതികരിച്ചില്ല.



