ക്ഷേത്ര പണം ക്ഷേത്രത്തിനായി; മുൻ സർക്കാരിന്റെ 46 പദ്ധതികൾ റദ്ദാക്കി വിജയ്

ചെന്നൈ: ക്ഷേത്രങ്ങളുടെ വരുമാനത്തിൽ നിന്ന് നടപ്പാക്കാനിരുന്ന കോടിക്കണക്കിന് രൂപയുടെ നിർമാണ പദ്ധതികൾ വിജയ് സർക്കാർ റദ്ദാക്കി. ആകെ 245.85 കോടി രൂപ ചെലവുവരുന്ന 46 പദ്ധതികൾക്കുള്ള അനുമതിയാണ് സർക്കാർ നിഷേധിച്ചത്. തമിഴ്നാട്ടിലെ മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്ന പദ്ധതികളാണിവ.

ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തീരുമാനം വ്യക്തമാക്കിയത്. ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് കല്യാണഹാളുകളും വ്യാപാര കെട്ടിടങ്ങളും നിർമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

115.77 കോടി രൂപ ചെലവിൽ 29 കല്യാണഹാളുകളും, 130.8 കോടി രൂപയുടെ 17 വ്യാപാര കെട്ടിടങ്ങളും നിർമിക്കുന്ന പദ്ധതികൾക്കാണ് അനുമതി റദ്ദാക്കിയത്. മുൻ സർക്കാരിന്റെ കാലത്ത് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഇവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല.

കോടതി ഉത്തരവുകളും ക്ഷേത്രങ്ങൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദവും പരിഗണിച്ചാണ് പദ്ധതികൾ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് വകുപ്പ് അറിയിച്ചു. നിർമാണ പദ്ധതികൾക്കായി മാറ്റിവെച്ച ഫണ്ട് ക്ഷേത്രങ്ങൾക്കും ഭക്തർക്കും കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button