കുടുംബസമേതം മോദിയെ കാണാനെത്തി സൂര്യകുമാർ യാദവ്; പ്രധാനമന്ത്രിയുടെ വസതിയിലെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്!

ന്യൂഡൽഹി: മുൻ ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സൂര്യകുമാറിന്റെ കുടുംബാംഗങ്ങളുമായും കുട്ടികളുമായും പ്രധാനമന്ത്രി സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു.

കൂടിക്കാഴ്ചയുടെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവച്ചു. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീരാമന്റെയും സരയൂ നദിയുടെയും സാന്നിദ്ധ്യം ആഘോഷാന്തരീക്ഷത്തെ കൂടുതൽ പവിത്രവും ദിവ്യവുമാക്കിയെന്നാണ് വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചത്.

2026ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് സൂര്യകുമാർ യാദവായിരുന്നു. 2025ൽ യുഎഇയിൽ നടന്ന ട്വന്റി20 ഏഷ്യാ കപ്പിലും സൂര്യകുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയിരുന്നു. 2024ലെ ട്വന്റി20 ലോകകപ്പ് വിജയത്തിലും താരം നിർണായക പങ്കുവഹിച്ചു. ട്വന്റി20 ക്രിക്കറ്റിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് സൂര്യകുമാർ.

2022ലും 2023ലും ഐസിസിയുടെ മികച്ച ട്വന്റി20 അന്താരാഷ്ട്ര താരത്തിനുള്ള പുരസ്കാരം സൂര്യകുമാർ നേടിയിട്ടുണ്ട്.2022 ഒക്ടോബറിൽ ഐസിസി ട്വന്റി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ താരം 2023 ജനുവരിയിൽ കരിയറിലെ ഉയർന്ന റേറ്റിംഗ് പോയിന്റായ 910ലും എത്തിയിരുന്നു. എന്നാൽ, ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ മോശം പ്രകടനത്തെത്തുടർന്ന് സൂര്യകുമാറിന് ഇന്ത്യൻ ട്വന്റി20 ടീമിൽ ഇടം നഷ്ടമായി.

അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങൾ ഉൾപ്പെട്ട യുകെ പര്യടനത്തിനുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ബാറ്റിംഗിലെ മോശം പ്രകടനത്തെത്തുടർന്നാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.പഞ്ചാബ് കിംഗ്സിനൊപ്പം ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ശ്രേയസ് അയ്യരെയാണ് പിന്നീട് ഇന്ത്യൻ ട്വന്റി20 ടീമിന്റെ പുതിയ നായകനായി നിയമിച്ചത്. നിലവിൽ ആഭ്യന്തര ക്രിക്കറ്റിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് സൂര്യകുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button