മാസപ്പടി കേസിൽ സുപ്രീം കോടതി വിധി തിരിച്ചടിയല്ല! ‘നിയമത്തിന്റെ സാങ്കേതിക തത്വം മാത്രം’; മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത് വെറും നിയമത്തിന്റെ സാങ്കേതിക തത്വം മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര ഉന്നതനായാലും അന്വേഷണം
നേരിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് പിണറായി വിജയനെ ഉദ്ദേശിച്ചാണെന്നും, ഈ വിധിയിൽ സർക്കാരിന് യാതൊരുവിധ തിരിച്ചടിയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കോടതിയുടെ തീരുമാനത്തിൽ മാത്രമാണ് സുപ്രീം കോടതി ഇപ്പോൾ ഇടപെട്ടിരിക്കുന്നത് എന്നും, ആദ്യം തന്നെ എഫ്ഐആർ ഇട്ട നടപടിയിലെ സാങ്കേതികത ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഒരാഴ്ചത്തേയ്ക്കാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഹർജി വിശദമായ വാദത്തിനായി ഹൈക്കോടതിയിലേക്ക് മടക്കി അയച്ചു. കേസെടുക്കുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന സുപ്രധാന നിരീക്ഷണമാണ് പരമോന്നത നീതിപീഠം നടത്തിയത്. കേസിൽ അതിവേഗം എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു. കൂടാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആരോപണവിധേയരുടെ ഭാഗം കേൾക്കേണ്ടതില്ലെന്ന ഇഡിയുടെ വാദവും സുപ്രീം കോടതി തള്ളിക്കളഞ്ഞു.



