കസ്റ്റഡിയിൽ വെച്ച് മോശം പെരുമാറ്റമെന്ന് സുഗതൻ; വൈകിട്ടുവരെ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആർ സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതിയാണ് ഇന്ന് വെെകിട്ട് 5.30വരെ കസ്റ്റഡിയിൽ വിട്ടത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സുഗതൻ രണ്ട് പേരെ ആക്രമിച്ചെന്നും കേസിൽ ആയുധങ്ങൾ കണ്ടെത്താനുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നുമാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.
അതിനിടെ, തിരുവനന്തപുരത്ത് എത്തിയശേഷം മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ വാഹനത്തിൽവച്ച് പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയിൽ പറഞ്ഞു. പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ വട്ടിയൂർകാവിൽനിന്നുള്ള പൊലീസ് സംഘം സുഗതനൊപ്പം പോയതും കോടതി ചോദിച്ചു. ഈ സാഹചര്യത്തിലാണ് നാലുമണിക്കൂർ സമയത്തേക്ക് മാത്രം സുഗതനെ കസ്റ്റഡിയിൽ നൽകിയത്. ക്ഷേത്രപരിസരത്ത് ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷം വെെകിട്ട് സുഗതനെ കോടതിയിൽ ഹാജരാക്കണം.
വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന സുഗതനെ ഇന്നലെ വെെകിട്ടാണ് പൂജപ്പുരയിലെത്തിച്ചത്. നാല് പ്രതികളുള്ള കേസിലെ ഒന്നാം പ്രതിയാണ് സുഗതൻ. മൂന്നുപ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് സ്‌റ്റേഷനിൽ മാത്രം രണ്ട് വധശ്രമം ഉൾപ്പെടെ ഏഴുകേസുകളിൽ സുഗതൻ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് കടയിൽമുടുമ്പ് ക്ഷേത്രത്തിൽ സി.പി.എം പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാളെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് സുഗതനെതിരെ വധശ്രമം ചുമത്തിയത്.



