പിഎം ശ്രീ പദ്ധതിയിൽ ലീഗിൽ പ്രതിഷേധം ശക്തം; തൽക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്!

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ, പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. നിലവിലുള്ള വിവാദങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും ഒഴിവാക്കാനാണ് ഈ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനങ്ങളും യോഗങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി കരിക്കുലത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും സ്കൂളുകൾ സംസ്ഥാനം തിരഞ്ഞെടുക്കുമെന്നുമുള്ള നിബന്ധന അംഗീകരിച്ചാൽ മുന്നോട്ടുപോകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ ഇതിൽ ഉറച്ചുനിൽക്കാനാകില്ലെന്ന കടുത്ത നിലപാടാണ് മുസ്ലിം ലീഗ് എടുത്തത്. എംഎസ്എഫും യൂത്ത് ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ പദ്ധതിക്കെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് രണ്ട് തവണ കത്തുകൾ വന്നിട്ടും വിദ്യാഭ്യാസ വകുപ്പ് തുടർനടപടികളിലേക്ക് കടന്നിട്ടില്ല. നിലപാടിലെ അസ്ഥിരത വോട്ടുചെയ്ത ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന ആശങ്കയും ലീഗ് നേതൃത്വം പങ്കുവെച്ചിട്ടുണ്ട്. ഈ വിഷയത്തിലുള്ള പാർട്ടിയുടെ ശക്തമായ എതിർപ്പ് നേതൃത്വം ഇതിനോടകം തന്നെ മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്.



