രമ്യ ഹരിദാസിനെതിരെ കടുത്ത അതൃപ്തി; പാളയം പ്രദീപിനെ പിഎ ആക്കാനുള്ള നീക്കം അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശം അവഗണിച്ച് പാളയം പ്രദീപിനെ അഡീഷണൽ പിഎ ആയി നിയമിക്കാൻ രമ്യ ഹരിദാസ് എംഎൽഎ കത്ത് നൽകിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രദീപിനെ പിഎ ആയി നിയമിക്കാൻ കത്ത് നൽകിയ നടപടി അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുൻകാല പ്രാബല്യത്തിലുള്ള നിയമനം ശരിയല്ല
പ്രദീപിന്റെ നിയമനത്തിനായി രമ്യ കത്ത് നൽകിയത് എപ്പോഴാണെന്ന് ഉൾപ്പെടെ പരിശോധിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. മുൻകാല പ്രാബല്യത്തോടെ നിയമനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയതെങ്കിൽ അത് ശരിയായ നടപടിയല്ലെന്നാണ് കെപിസിസിയുടെ നിലപാട്. കത്ത് നൽകിയ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം വിഷയത്തിൽ തുടർനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചിറയിൻകീഴിലെ സംഭവം പാർട്ടിക്ക് സൽപ്പേരല്ല ഉണ്ടാക്കിയതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സംഘർഷത്തിന് ശേഷമാണ് രമ്യ ഹരിദാസ് പ്രദീപിനെ പിഎയായി നിയമിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതെങ്കിൽ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തുന്ന കെപിസിസി സമിതി അധ്യക്ഷൻ എ.എം. ഹസൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
‘സാധാരണ വിഷയം, സംസാരിച്ച് തീർക്കാം’; രമ്യ
അതേസമയം, ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തെ നിസാരവത്കരിച്ച് രമ്യ ഹരിദാസ് രംഗത്തെത്തി. ഏത് വീട്ടിലും പാർട്ടിയിലും സംഘടനയിലും ഉണ്ടാകുന്നതുപോലെയുള്ള സാധാരണ വിഷയമാണിതെന്നും സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്നുമാണ് രമ്യ പ്രതികരിച്ചത്. പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
ചിറയിൻകീഴിലെ കയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി സമിതിക്ക് മുന്നിൽ ഹാജരാകാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ബുദ്ധിമുട്ടുകൾ കാരണമാണ് ഡൽഹിയിലേക്ക് പോകാതിരുന്നതെന്നും ടിക്കറ്റുകൾ ഉൾപ്പെടെ നേരത്തെ ബുക്ക് ചെയ്തിരുന്നുവെന്നും രമ്യ പറഞ്ഞു. എന്നാൽ, ഡൽഹിയിലാണെന്ന് അറിയിച്ച ദിവസം പാലക്കാട് ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് രമ്യ പ്രതികരിച്ചില്ല.
ഡൽഹിയിലാണെന്ന് അറിയിച്ച ദിവസം പാലക്കാട്
ഡൽഹിയിലാണെന്ന് അറിയിച്ച ദിവസം രമ്യ പാലക്കാട്ടുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഡിസിസി അധ്യക്ഷൻ എ. തങ്കപ്പന്റെ വീട്ടിലെ ചടങ്ങിലും അവർ പങ്കെടുത്തു. രാത്രി 8.30ഓടെ സ്വകാര്യ വാഹനത്തിലാണ് രമ്യ ചടങ്ങിനെത്തിയത്. ഇതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്.
താൻ ഡൽഹിയിലായതിനാൽ കെപിസിസി സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് രമ്യ അറിയിച്ചിരുന്നതായി കഴിഞ്ഞ ദിവസം എ.എം. ഹസൻ പറഞ്ഞിരുന്നു. ഫോണിലൂടെ വിശദീകരണം നൽകിയതായും ഹസൻ വ്യക്തമാക്കിയിരുന്നു.
പാളയം പ്രദീപിനെ പിഎ ആക്കാൻ കത്ത്
ചിറയിൻകീഴിലെ കയ്യാങ്കളിയുടെ പേരിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ പിഎയാക്കാനുള്ള നീക്കമാണ് രമ്യ ഹരിദാസ് നടത്തിയത്. നിയമസഭാ സെക്രട്ടറിയുടെ ഓഫീസിലാണ് ഇതുസംബന്ധിച്ച കത്ത് നൽകിയത്. മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ പ്രദീപിനെ നിയമിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടതെന്നാണ് വിവരം.
എംഎൽഎയുടെ പ്രവർത്തനങ്ങളിൽ പ്രദീപിന്റെ ഇടപെടൽ ഒഴിവാക്കണമെന്ന ചിറയിൻകീഴിലെ പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം അവഗണിച്ചാണ് രമ്യയുടെ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, കത്ത് സംബന്ധിച്ച് നിയമസഭാ സെക്രട്ടറി ഓഫീസിൽനിന്നും വ്യക്തത വന്നിട്ടില്ല. കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് നിയമസഭാ സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെയും രമ്യ ഹരിദാസ് ആലത്തൂർ എംപിയായിരുന്ന സമയത്ത് പാളയം പ്രദീപായിരുന്നു പിഎ.



