എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 1 മുതൽ; ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു, അർധവാർഷിക പരീക്ഷ ഡിസംബർ 8ന്

2027ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയതികളിൽ ധാരണയായി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒന്നുമുതൽ 30 വരെയും പ്ലസ് വൺ, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് രണ്ടുമുതൽ 30 വരെയും നടത്താനാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് പരീക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ധാരണയായത്.

എസ്.എസ്.എൽ.സി പരീക്ഷകളിൽ ഒന്നൊഴികെയുള്ളവയും ഹയർ സെക്കൻഡറിയിൽ രണ്ടൊഴികെയുള്ളവയും രാവിലെയായിരിക്കും. സ്കൂൾ വാർഷിക പരീക്ഷകൾ ഫെബ്രുവരി 26ന് ആരംഭിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളില്ലാത്ത ദിവസങ്ങളിലായിരിക്കും വാർഷിക പരീക്ഷകൾ നടത്തുക. ഇതിന്റെ കരട് സമയക്രമത്തിനും യോഗം അംഗീകാരം നൽകി.

സ്കൂളുകളിലെ അർധവാർഷിക പരീക്ഷ ഡിസംബർ എട്ടിന് ആരംഭിച്ച് 17ന് അവസാനിക്കും. ഡിസംബർ 18ന് ക്രിസ്മസ് ആഘോഷങ്ങളോടെ സ്കൂളുകൾ അടയ്ക്കും. ക്രിസ്മസ് അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂളുകൾ വീണ്ടും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, 2027ലെ സി.ഐ.എസ്.സി.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികളും പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി ഒമ്പത് മുതൽ ഏപ്രിൽ എട്ട് വരെയും നടക്കും. പത്താം ക്ലാസ് പരീക്ഷയുടെ സമയക്രമത്തിലും മാറ്റമുണ്ട്. ചോദ്യപേപ്പർ വായിക്കാനുള്ള സമയം രാവിലെ 10ന് ആരംഭിക്കും. 10.15ന് എഴുത്തുപരീക്ഷ തുടങ്ങും. നേരത്തേ ഇത് യഥാക്രമം 10.45, 11 മണി എന്നിങ്ങനെയായിരുന്നു. പരീക്ഷാർഥികൾ രാവിലെ 9.45നകം ഹാളിൽ പ്രവേശിക്കണമെന്ന് സി.ഐ.എസ്.സി.ഇ ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ജോസഫ് ഇമ്മാനുവൽ അറിയിച്ചു.

രണ്ട് ബോർഡ് പരീക്ഷകളിലുമായി 3,79,980 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 3,106 സ്കൂളുകളിൽനിന്നായി ഏകദേശം 2.70 ലക്ഷം പേർ പത്താം ക്ലാസ് പരീക്ഷയും 1,651 സ്കൂളുകളിൽനിന്നായി 1,10,025 പേർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതും. പത്താം ക്ലാസിൽ 76 വിഷയങ്ങളും പന്ത്രണ്ടാം ക്ലാസിൽ 60 വിഷയങ്ങളുമാണ് പരീക്ഷയ്ക്കുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button