ഷിയാസ്–ജോജു തർക്കത്തിന് ‘കടം’ തീർന്നു! എം.എൽ.എയുടെ വേദിയിൽ മുഖ്യാതിഥിയായി നടൻ

കൊച്ചി: ഒരിക്കൽ സമരത്തിനിടെ വാക്കുതർക്കത്തിലായവർ, നാല് വർഷത്തിന് ശേഷം ഒരേ വേദിയിൽ. കൊച്ചി നിയമസഭാ മണ്ഡലത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി മുഹമ്മദ് ഷിയാസ് എം.എൽ.എ. സംഘടിപ്പിച്ച എക്‌സലൻസ് അവാർഡ് വിതരണ ചടങ്ങിലാണ് നടൻ ജോജു ജോർജ് മുഖ്യാതിഥിയായി എത്തിയത്. ചടങ്ങിൽ സംസാരിച്ച ഷിയാസ്, താനും ജോജുവും തമ്മിലുണ്ടായിരുന്ന പഴയ തർക്കം ഓർത്തെടുത്തുകൊണ്ട് ‘ഞങ്ങൾ തമ്മിൽ ഒരു കടം ഉണ്ടായിരുന്നു’ എന്നും പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാമെന്ന് ജോജു കഴിഞ്ഞ ദിവസമാണ് അറിയിച്ചതെന്നും സിനിമാ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹം എത്തിയതെന്നും ഷിയാസ് പറഞ്ഞു. സമരത്തിനിടെ ഉണ്ടായ സംഭവത്തിൽ ജോജു ഒരു പൗരനെന്ന നിലയിൽ തന്റെ അഭിപ്രായം പങ്കുവെച്ചതാണെന്നും അത് താൻ ഉൾക്കൊണ്ടെന്നും ഷിയാസ് വ്യക്തമാക്കി. സാധാരണ കുടുംബത്തിൽനിന്ന് എത്തി മികച്ച കലാകാരനും കേരളം ഇഷ്ടപ്പെടുന്ന നടനുമായി മാറിയ ജോജു അവാർഡുകൾ നേടിയിട്ടുള്ള നടനാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സന്തോഷമുണ്ടെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

2021-ൽ പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനിടെയായിരുന്നു ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. സമരം മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ജോജു വാഹനത്തിൽനിന്ന് പുറത്തിറങ്ങി കോൺഗ്രസ് പ്രവർത്തകരുമായി വാഗ്വാദത്തിലേർപ്പെട്ടിരുന്നു. അന്ന് ഡി.സി.സി. പ്രസിഡന്റായിരുന്ന ഷിയാസ് ജോജുവിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തുകയും, മദ്യലഹരിയിലാണ് നടൻ പ്രശ്‌നമുണ്ടാക്കിയതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ നാല് വർഷത്തിന് ശേഷം ദുബായിൽ ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോൾ ഷിയാസ് സംഘടിപ്പിച്ച ചടങ്ങിൽ ജോജു മുഖ്യാതിഥിയായി എത്തിയതോടെ പഴയ തർക്കത്തിനും പുതിയൊരു അധ്യായം തുറന്നിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button