“ഉളുപ്പുണ്ടെങ്കിൽ പിണറായി രാജിവെക്കണം”; സിപിഎമ്മിനെ ‘പിണറായി ലിമിറ്റഡ് കമ്പനി’യെന്ന് പരിഹസിച്ച് ഷോൺ ജോർജ്!

കോട്ടയം: ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മുൻപ് സിംഗിൾ ബെഞ്ച് പിണറായി വിജയന്റെ ഭാഗം കേട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ വാദിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ഹൈക്കോടതി അദ്ദേഹത്തെയും റിയാസിനെയും വീണയെയും കൃത്യമായി കേട്ട ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നതെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 40 ദിവസമായി കോടതിയിലും പുറത്തും പിണറായി വിജയനെ സംരക്ഷിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് പ്രചരിപ്പിച്ച് 102 സീറ്റുകൾ നേടിയ യുഡിഎഫ്, ആ രീതിയിൽ വോട്ട് രേഖപ്പെടുത്തിയ പൊതുജനത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെങ്കിലും പ്രാഥമിക അന്വേഷണം നടത്താനോ ഒരിടത്തും റെയ്ഡ് സംഘടിപ്പിക്കാനോ യുഡിഎഫ് തയ്യാറായില്ലെന്ന് ഷോൺ ജോർജ് കുറ്റപ്പെടുത്തി. കോടതിയിൽ അപ്പീൽ വന്നപ്പോൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ പിണറായി വിജയനുവേണ്ടി വാദിക്കുന്ന രീതിയിലാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സഖാവ് വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പിണറായിയുടെ രാജി ചോദിച്ചു വാങ്ങുമായിരുന്നുവെന്നും എന്നാൽ നിലവിലെ സിപിഎമ്മിൽ രാജി ആവശ്യപ്പെടാൻ തന്റേടമുള്ള നേതാക്കളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ സിപിഎം എന്നത് ‘പിണറായി ലിമിറ്റഡ് കമ്പനി’യായി മാറിയിരിക്കുകയാണെന്ന് ഷോൺ ജോർജ് പരിഹസിച്ചു. സിപിഎം രാജി ചോദിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ സിപിഐ അടക്കമുള്ള മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ അതിന് മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പിണറായി വിജയനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, ഇവിടെ പിണറായിയെ എതിർത്താൽ ഡൽഹിയിലെ സമരം പൊളിഞ്ഞുപോകുമോ എന്ന ഭയമാണ് അവർക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button