പീഡനപരാതി കള്ളക്കേസ്; നിയമ പോരാട്ടം തുടരുമെന്ന് ഷിയാസ് കരീം

തിരുവനന്തപുരം: തന്റെ പേരിൽ ഉയർന്ന പീഡനപരാതി പൂർണമായും കള്ളക്കേസാണെന്നും നിയമപരമായി ശക്തമായി നേരിടുമെന്നും മോഡലും നടനുമായ Shiyas Kareem വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിയായ സ്ത്രീക്ക് അറുപത് വയസിലേറെയാണെന്നും, കുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള ആളാണെന്നും ഷിയാസ് പറഞ്ഞു.
തന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞതായും ഒരു കുഞ്ഞിന്റെ പിതാവാണെന്നും ഷിയാസ് വ്യക്തമാക്കി. പരാതിക്കാരിയായ സ്ത്രീ തന്റെ കുടുംബത്തിലെ ചടങ്ങുകളിലൊക്കെയും പങ്കെടുത്തിരുന്നയാളാണെന്നും, ഭാര്യയുടെയും അമ്മയുടെയും കൈയിൽ നിന്ന് സ്വർണവും പണവും വാങ്ങിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കുടുംബകാര്യങ്ങളിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്കുശേഷമാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാനായതെന്നും, ഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി പണം കൈമാറിയിരുന്നുവെന്നും ഷിയാസ് പറഞ്ഞു. ബിസിനസ് വാഗ്ദാനം നൽകി കോടികൾ തട്ടിയെന്നാരോപിച്ച് സ്ത്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചതിനെ തുടർന്ന് താൻ അവരുടെ പേരിൽ കേസ് നൽകിയിരുന്നുവെന്നും, അതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ പരാതി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
കേരള പോലീസിനെയും കോടതിയെയും നിയമ സംവിധാനത്തെയും പൂർണമായി വിശ്വസിക്കുന്നുവെന്നും, മുമ്പും സമാനമായ ഒരു കള്ളക്കേസിനെ നിയമപരമായി നേരിട്ട അനുഭവമുണ്ടെന്നും ഷിയാസ് പറഞ്ഞു. “തലയുയർത്തി നടക്കുന്ന ആളാണ് ഞാൻ. എന്ത് പ്രശ്നം വന്നാലും നേരിടും. എന്റെ കുടുംബവും എന്നെ സ്നേഹിക്കുന്നവരും കൂടെയുണ്ട്,” എന്നാണ് ഷിയാസ് പ്രതികരിച്ചത്.
ഷിയാസിന്റെ ഭാര്യ ദർഫയും പിന്തുണയുമായി രംഗത്തെത്തി. “വിഷമിക്കേണ്ട, നമ്മുടെ കൈവശം എല്ലാ തെളിവുകളുമുണ്ട്. എന്ത് സംഭവിച്ചാലും നമ്മൾ മുന്നോട്ട് പോകും,” എന്നാണ് ദർഫ സോഷ്യൽ മീഡിയയിൽ കുറിച്ചത്. Basheer Bashi അടക്കമുള്ള നിരവധി പേർ ഷിയാസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.



