ശശി തരൂരിന്റെ പരാമർശം ചർച്ചയാകുന്നു; രാഹുലിനെതിരെ ആക്രമണം ശക്തമാക്കി ബിജെപി

ദില്ലി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയെ കോൺഗ്രസ് എംപി ശശി തരൂർ പിന്തുണച്ചതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി ബിജെപി. വിദേശനയങ്ങളിൽ പ്രതിപക്ഷം കാണിക്കേണ്ട രാഷ്ട്രീയ പക്വത ശശി തരൂരിനുണ്ടെന്നും, എന്നാൽ രാഹുൽ ഗാന്ധി രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെയും ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തെയും പ്രശംസിച്ചുകൊണ്ട് ശശി തരൂർ നടത്തിയ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണം. കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ട്രംപിന് മുന്നിൽ പ്രധാനമന്ത്രി മോദിയുടെ ഉന്നയിച്ചതിനെയാണ് തരൂർ അനുകൂലിച്ചത്. ചരക്കുകപ്പലിലെ ജീവനക്കാർ സൈനികരല്ല.

അവരെ യുദ്ധത്തിൻ്റെ സമയത്ത് ആക്രമിക്കുന്നത് ശരിയല്ല. അവർ യുദ്ധകാലത്തെ ഏതെങ്കിലും നിയന്ത്രണം തെറ്റിച്ചാൽ മറ്റേതെങ്കിലും വഴിയിലാണ് പരിഹാരം കാണേണ്ടത്. അവരെ വധിക്കാൻ പാടില്ല. ഈ കാര്യം പ്രധാനമന്ത്രി വ്യക്തമായി ട്രംപിനോട് പറഞ്ഞതായും ശശി തരൂർ ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസ് നേതൃത്വം ട്രംപ് – മോദി കൂടിക്കാഴ്ചയെ വിമർശിച്ചാണ് രംഗത്ത് വന്നത്. ഒമാൻ തീരത്ത് മൂന്ന് ഇന്ത്യൻ നാവികർ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ട്രംപിനോട് പ്രധാനമന്ത്രി മോദി ഒന്നും പറഞ്ഞില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ അടക്കം വിമർശനം.

രാജ്യതാത്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധി എപ്പോഴും പുറകിലാണെന്നായിരുന്നു ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ വിമർശനം. സ്വന്തം പാർട്ടിയിലെ നേതാവിൽ നിന്ന് തന്നെ രാഹുൽ പക്വത പഠിക്കണമെന്നും ബിജെപി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവും ട്രംപുമായുള്ള ചർച്ചകളും വലിയ വിജയമാണെന്ന് ബിജെപി വിലയിരുത്തുന്നു. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവിന്റെ പിന്തുണ ലഭിച്ചത് സർക്കാരിന് ഇരട്ടി ഊർജ്ജമായി. എന്നാൽ തരൂരിന്റെ ഈ നിലപാടിൽ കോൺഗ്രസ് നേതൃത്വത്തിന് ഉള്ളിൽ അതൃപ്തിയുണ്ടെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button