താമരശ്ശേരി ഷഹബാസ് വധക്കേസ്: ആരോപണ വിധേയരായ ആറ് കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ ആരോപണവിധേയരായ ആറ് കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നീട്ടിയതിനെ തുടര്‍ന്നായിരുന്നു ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഒരു മാസത്തിലധികമായി വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡിലാണ്.

ഹീനമായ കുറ്റകൃത്യമാണ് ചെയ്തതെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും കോടതിയില്‍ വാദിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകളും തെളിവായി സമര്‍പ്പിച്ചു. ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാല്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് ഇല്ലാതാക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കൂടി പരിഗണിച്ചാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍.

പ്രായപൂര്‍ത്തികളാകാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആരോപണവിധേയരായ കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ വാദിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് കുട്ടികള്‍. ഇത് അവരുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെന്റ് ഓഫിനിടെ ഉണ്ടായ തർക്കങ്ങളാണ് കൊലയ്ക്ക് കാരണമായത്. സെന്റ് ഓഫിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിച്ചിരുന്നു. ഡാൻസിനിടെ അപ്രതീക്ഷിതമായി പാട്ട് നിന്നു. ഇതേ തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് വീട്ടിലെത്തിയ ഷഹബാസ് വീട്ടിൽ കുഴഞ്ഞുവീഴുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേയായിരുന്നു ഷഹബാസിന്റെ മരണം.

ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ത്തുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം. നിലവില്‍ പ്രതികളായ ആറ് വിദ്യാര്‍ത്ഥികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നീട്ടിയിരുന്നു.

മുഖ്യമന്ത്രിയുടെ പരിപാടിക്ക് എല്ലാ കടകളും അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; എസ്പി എം പി മോഹന ചന്ദ്രന്‍ ആലപ്പുഴ സൗത്ത് പൊലീസാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *