മണ്ണന്തലയില്‍ കൊല്ലപ്പെട്ട ഷഫീന സഹോദരനില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം

തിരുവനന്തപുരം: മണ്ണന്തലയില്‍ കൊല്ലപ്പെട്ട ഷഫീന സഹോദരനില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. ആക്രമണത്തില്‍ ഷഫീനയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും ഒടിഞ്ഞിരുന്നു. തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

ഇന്നലെയാണ് സംഭവം നടന്നത്. മണ്ണന്തല സ്വദേശിനിയായ 33കാരി ഷഫീനയെ സഹോദരന്‍ ഷംസാദാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ വീഡിയോ കോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ ബന്ധം ഭര്‍ത്താവുമായുള്ള പ്രശ്‌നത്തിന് കാരണമാക്കിയെന്നായിരുന്നു ഷംസാദിന്റെ വാദം. ഇന്നലെ രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുകയും ഷഫീനയെ ഷംസാദ് അടിച്ച് കൊല്ലുകയുമായിരുന്നു.

വിവരം അറിഞ്ഞ് മാതാപിതാക്കളും പൊലീസും ഇവർ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിൽ എത്തുമ്പോള്‍ മൃതദേഹത്തിന് കാവലിരിക്കുന്ന ഷംസാദിനേയും സുഹൃത്ത് വിശാഖിനേയുമാണ് കണ്ടത്. യുവതിയുടെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ ഷംസാദ് ആദ്യം തയ്യാറായില്ല. പിന്നീടാണ് മൃതദേഹം മാറ്റിയത്. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് കാവലിരുന്ന ഷംസാദിന്റേയും സുഹൃത്തിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചെമ്പഴന്തി അണിയൂരില്‍വെച്ചുള്ള അടിപിടി കേസിലും പ്രതിയാണ് ഷംസാദ്. മണ്ണന്തല മരുതൂര്‍ റോഡിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ചികിത്സാ ആവശ്യത്തിനെന്ന് പറഞ്ഞ് ഷഫീനയെ ഒപ്പം കൂട്ടുകയായിരുന്നു. ഇവിടെവെച്ച് ഷഫീന വീഡിയോ കോള്‍ ചെയ്യുന്നതുകണ്ടതാണ് ഷംസാദിനെ പ്രകോപിപ്പിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *