വിജയ്‌ക്ക് തിരിച്ചടി; പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി തള്ളണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി

ചെന്നൈ: പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ തന്റെ വിജയത്തെ ചോദ്യം ചെയ്തുള്ള ഹർജി തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ് ദിനേശ് ആണ് ഹർജി സമർപ്പിച്ചത്. ദിനേശിന്റെ ഹർജിയിൽ നടപടിക്കുള്ള കാരണം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കുമെന്നും മുഖ്യമന്ത്രിയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ലക്ഷ്‌മിനാരായണൻ വ്യക്തമാക്കി.

തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിരവധി സ്വത്ത് ഇടപാടുകളുടെ വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ദിനേശ് സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. വിജയ്‌യുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ദിനേശ് മദ്രാസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.2026 ജനുവരിയിൽ പൻറുട്ടിയിൽ മൂന്ന് ഏക്കർ വസ്തു

30 കോടി രൂപയ്ക്ക് വാങ്ങിയതും 35 കോടി രൂപയ്ക്ക് പാഡിയിൽ വാണിജ്യ വസ്തു വിറ്റതും വിജയ് സത്യവാങ്‌മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹർജിയിൽ ദിനേശ് ആരോപിക്കുന്നു. കൊടൈക്കനാലിൽ വിജയ് കൃഷിഭൂമിയായി പ്രഖ്യാപിച്ച 50 സെന്റ് വസ്തു രേഖകളിൽ സർക്കാർ ഭൂമിയായി തരംതിരിച്ചിട്ടുണ്ടെന്നും ദിനേശ് തന്റെ ഹർജിയിൽ ചൂണ്ട‌ിക്കാട്ടി.എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വിജയ് അവ തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹർജിയിലില്ലെന്ന് ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണൻ, ശ്രീനാഥ് ശ്രീദേവൻ എന്നിവരാണ് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button