‘കേരളത്തിലെ പ്രധാന നേതാക്കളിലൊരാൾ, ഫ്ലക്സ് വെക്കേണ്ട ആവശ്യമില്ല’; ഷാഫിക്ക് പിന്തുണയുമായി ടി. സിദ്ദിഖ്

കൽപ്പറ്റ: ഷാഫി പറമ്പിൽ കഴിവുള്ള മികച്ച നേതാവാണെന്നും അദ്ദേഹത്തിന് മുന്നോട്ട് പോകാൻ ഫ്ലക്‌സ് ബോർഡുകൾ വയ്‌ക്കേണ്ട ആവശ്യമില്ലെന്നും ടി സിദ്ദിഖ് എംഎൽഎ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് ഷാഫിയെന്നും ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണ് അദ്ദേഹമെന്നും സിദ്ദിഖ് വ്യക്തമാക്കി.
എല്ലാവരെയും ഒരുമിച്ച് നിർത്തിക്കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. പാർട്ടിയിൽ നിലവിൽ യാതൊരുവിധ ആഭ്യന്തര പ്രശ്‌നങ്ങളുമില്ല. എന്നാൽ, ഇപി ജയരാജനും പി ജയരാജനും തമ്മിലുള്ള തർക്കങ്ങളിലൂടെ സിപിഎം വലിയ ആഭ്യന്തര പ്രതിസന്ധിയാണ് നേരിടുന്നതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.അതേസമയം, വയനാട് ജില്ല ഇന്ന് രാജ്യത്തിന് തന്നെ അഭിമാനകരമായ വലിയൊരു നേട്ടം കൈവരിക്കുകയാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഇ-വേസ്റ്റ് വിമുക്ത ജില്ലയായി വയനാടിനെ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും.
ജില്ലയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ നിമിഷമാണിത്. ഇതിന് പിന്നാലെ വയനാടിനെ പൂർണമായും പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കി മാറ്റാനുള്ള ദീർഘകാല പദ്ധതികൾക്കും തുടക്കമാകും. ഇതിനാവശ്യമായ കൃത്യമായ മാർഗരേഖയും റോഡ് മാപ്പും ഉടൻ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇതിനിടെ, ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് കാഞ്ഞങ്ങാട്ടും ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്താണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ‘കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആവില്ല ഈ ജനകീയ മുഖത്തെ’ എന്നാണ് ബോർഡിലെ വാചകം.



