അനുനയ നീക്കവുമായി ഷോൺ ജോർജ്; മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

സിറോ മലബാർ സഭ ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി ബിജെപി നേതാവ് ഷോൺ ജോർജ് കൂടിക്കാഴ്ച നടത്തി. ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയിൽ സഭയുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാനാണ് ശ്രമമുണ്ടായത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു ഈ സന്ദർശനം. കൂടിക്കാഴ്ചയ്ക്ക് ശേഷം സഭയുമായി നിലവിൽ തെറ്റിദ്ധാരണകൾ ഒന്നുമില്ലെന്നും എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന് പിന്നാലെ പാലായിലെയും പൂഞ്ഞാറിലെയും ബിജെപി സ്ഥാനാർത്ഥികളായിരുന്ന ഷോൺ ജോർജും പി.സി. ജോർജും സഭാനേതൃത്വത്തിനും സഭയുടെ മുഖപത്രമായ ദീപികയ്ക്കും എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനകളിൽ സഭ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിവിധ രൂപതകളിൽ ബിജെപിക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ അനുനയ നീക്കം. സഭയുമായുള്ള ബന്ധം പഴയ നിലയിലാക്കാനുള്ള ബിജെപിയുടെ ശ്രമമായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

ക്രൈസ്തവ സംഘടനകളുടെ വിദേശ ഫണ്ട് സംബന്ധിച്ച ആശങ്കകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. കേന്ദ്രമന്ത്രി കിരൺ റിജിജു ക്രൈസ്തവ സംഘടനകളുമായി നടത്തുന്ന ചർച്ചയിൽ സിറോ മലബാർ സഭയുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് ഷോൺ ജോർജ് അറിയിച്ചു. സഭയുടെ ആകുലതകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സഭാ നേതൃത്വവുമായുള്ള സൗഹൃദം ഊഷ്മളമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *