സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. തായിഫ്–റാനിയ റോഡിൽ ഇന്നലെയാണ് അപകടമുണ്ടായത്.
കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സിമോൾ മാത്യു (36), കുറുമല്ലൂർ സ്വദേശി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി, ഹെപ്‌സിബ, വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരൻ എന്നിവരും അപകടത്തിൽ മരിച്ചു.
തായിഫ് ഗവർണേറ്റിലെ അൽ ഗാഫ, അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തുവരികയായിരുന്നു ജെയ്‌സിമോളും ജോബിനയും. അവധിദിനത്തിൽ ഷോപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി റാനിയയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
എക്‌സ്‌പ്രസ് വേയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ റാനിയയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.



