ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം; ലണ്ടനിൽ കുഞ്ഞിന് രക്ഷകനായി മലയാളി

ലണ്ടൻ: കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് വീണ പെൺകുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലാണ് പൊലീസിനൊപ്പം ചേർന്ന് കുഞ്ഞിനെ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കിഴക്കൻ ലണ്ടനിലെ തിരക്കേറിയ ഇൻഫോർഡ് ഹൈ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു ജസീൽ. ആളുകളുടെ നിലവിളി ശബ്‌ദം കേട്ട് ഷർട്ട് പോലും ഇടാതെയാണ് ജസീൽ പുറത്തേക്കെത്തിയത്. കുട്ടി കെട്ടിടത്തിൽ തൂങ്ങിക്കിടക്കുന്നതുകണ്ട ജസീൽ ഉടൻ തന്നെ അതിനടുത്തെത്തി.കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തൂങ്ങിക്കിടന്നത്. കുട്ടിയെ രക്ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനൊപ്പം ജസീൽ ഒന്നാം നിലയുടെ മുകളിലേക്ക് കയറുകയായിരുന്നു.

ഭിത്തിയിൽ നിന്ന് കൈവിട്ട കുട്ടി നേരെ വീണത് ജസീലിന്റെ കൈകളിലേക്കാണ്. ഭാഗ്യത്തിന് പരിക്കുകളില്ലാതെ ആ കുരുന്നിനെ സുരക്ഷിതമാക്കാൻ ജസീലിന് കഴിഞ്ഞു. ഇതോടെ താഴെ പ്രാർത്ഥനയോടെനിന്ന ജനക്കൂട്ടത്തിനും ശ്വാസം നേരെവീണു.സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വലിയ അഭിനന്ദനപ്രവാഹമാണ് ജസീലിനെ തേടിയെത്തുന്നത്.. ‘ഒരാൾക്ക് നിൽക്കാൻ പറ്റുന്ന സ്ഥലം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. കുഞ്ഞിന് മൂന്നുവയസോളം പ്രായംവരും. തുറന്നിട്ട ജനൽ വഴിയാണ് കുട്ടി പുറത്തേക്ക് വന്നത്. കുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുട്ടിയെ അവരുടെ കൈയിൽ കൊടുത്ത ശേഷം വേഗംതന്നെ മടങ്ങിപ്പോന്നു’-ജസീൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button