പി.എസ്.സി പരീക്ഷ ക്രമക്കേട്: ആസൂത്രിത ഗൂഢാലോചന സംശയിക്കണം, നിയമനങ്ങൾ റദ്ദാക്കണം; മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിൽ ഉണ്ടായ പിഴവിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കണമെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും നിലവിലെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ ജോലി ലഭിച്ചവരുടെ നിയമനം റദ്ദാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പി.എസ്.സി റാങ്ക് ലിസ്റ്റിലെ ക്രമക്കേട് അതീവ ഗൗരവമുള്ളതാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥി ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
“പത്ത് ചോദ്യങ്ങൾക്ക് മാർക്ക് നൽകിയിരുന്നെങ്കിൽ റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ടാകുമായിരുന്നു. അതിനാൽ നിലവിലെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ നടന്ന നിയമനങ്ങൾ റദ്ദാക്കണം,” മന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന പി.എസ്.സി പരീക്ഷകളിലും സമാനമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു. നാളിതുവരെ നടന്ന പരീക്ഷകളിൽ സ്ക്രീനിങ് നടത്തി ക്രമക്കേടുകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രിയെ കണ്ട് അന്വേഷണം ആവശ്യപ്പെടുമെന്നും ആഭ്യന്തര അന്വേഷണം മാത്രം മതിയാകില്ലെന്ന ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



