‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതി ആരംഭം; സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ആരംഭിച്ചു

തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതി സംസ്ഥാനത്ത് ഔപചാരികമായി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ലെന്നും ഇത് സാമൂഹിക-സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പ്രധാന പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്” എന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ അധികാരത്തിലെത്തി ഒരു മാസം തികയും മുൻപേ ഇന്ദിരാ ഗ്യാരന്റി നടപ്പാക്കാനായത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി എ. ജയതിലക് പദ്ധതി ചരിത്രപരമായ മുന്നേറ്റമാണെന്ന് പ്രതികരിച്ചു. “ഓർഡിനറിയായ തീരുമാനമെങ്കിലും അതിന്റെ പ്രാധാന്യം സാധാരണ തീരുമാനമല്ല” എന്നും അദ്ദേഹം പറഞ്ഞു. കഷ്ടപ്പെടുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് മന്ത്രി കെ.എ. തുളസി അഭിപ്രായപ്പെട്ടു.

ഇന്ന് മുതൽ സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര ലഭ്യമാണ്. ‘പ്രിയദർശിനി സൗജന്യ യാത്ര’ സ്റ്റിക്കർ പതിച്ച ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി തുടങ്ങിയ സർവീസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. യാത്രക്കാരുടെ എണ്ണം നിരീക്ഷിക്കാനും സർക്കാർ സബ്സിഡി കണക്കാക്കാനും പ്രത്യേക ടിക്കറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button