മുൻവൈരാഗ്യം ക്രൂരതയായി; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് വിറകുവെട്ടിക്കോണം സ്വദേശി അഭിലാഷ് (39), മലയിൻകീഴ് അരുവിപ്പാറ സ്വദേശി സുജിത് അഥവാ ചിക്കു (32), കായംകുളം വള്ളികുന്നം സ്വദേശി സരിത (37) എന്നിവരാണ് പിടിയിലായത്.
വെമ്പായം പുത്തൻവിള സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. കേസിലെ ഒന്നാം പ്രതിയായ അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ ജയിലിലാകാൻ കാരണം ഈ യുവാവാണെന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച മരുതൂരിലെ ഒരു ഫ്ലാറ്റിലേക്ക് സൗഹൃദം നടിച്ച് യുവാവിനെ വിളിച്ചുവരുത്തിയ പ്രതികൾ, തുടർന്ന് അസഭ്യം പറയുകയും മഴുവിന്റെ പിൻഭാഗവും ഇടിവളയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു. മൂന്നാം പ്രതിയായ സരിത യുവാവിന്റെ ശരീരമാകെ മുളകുവെള്ളം ഒഴിച്ചതിനെ തുടർന്ന് ഇയാൾ ബോധരഹിതനായി.
അതേസമയം, യുവാവിനെ ഭീഷണിപ്പെടുത്തി നിർബന്ധിച്ച് രേഖകളിൽ ഒപ്പിടുവിച്ച ശേഷം സ്കൂട്ടർ കൈക്കലാക്കാനും പ്രതികൾ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് ബോധം നഷ്ടപ്പെട്ട യുവാവിനെ ചെമ്പൂരിലെ മറ്റൊരു ഫ്ലാറ്റിലെത്തിച്ച് മൂന്ന് ദിവസത്തോളം അന്യായമായി തടങ്കലിൽ പാർപ്പിച്ച ശേഷവും മർദനം തുടർന്നു. ഒടുവിൽ ഗുരുതരാവസ്ഥയിൽ യുവാവിനെ ഉപേക്ഷിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.



