സുരക്ഷാ ജീവനക്കാർക്കെതിരായ നടപടിയിൽ അനിശ്ചിതത്വം; മുഖ്യമന്ത്രിക്ക് പരാതി

നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് കെ എസ് യു – യൂത്ത് കോൺഗ്രസ് നേതാക്കളെ പിണറായി വിജയൻറെ സുരക്ഷാ ജീവക്കാർ ആക്രമിച്ച സംഭവത്തിന് ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശൻ പുനരന്വേഷണത്തിന് ചുമതല നൽകിയ അന്വേഷണ സംഘത്തിന് പിണറായി വിജയൻറെ സുരക്ഷാ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരായ സുരക്ഷാ ജീവനക്കാരെ എസ് ഐ ടി അറസ്റ്റ് ചെയ്യുവാൻ മടിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി വി ഡി സതീശന് നൽകിയത്. കരിങ്കൊടി കാണിച്ചതിന്റെ പേരിൽ സുരക്ഷാ വാഹനത്തിൽ നിന്ന് ഇറങ്ങി കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തുടർച്ചയായി ലാത്തി കൊണ്ട് തലയ്ക്ക് അടിച്ചതിന് കൊലപാതക ശ്രമത്തിന് നടപടികൾ ഉറപ്പാക്കണം. തലയ്ക്ക് അടിച്ചതിലൂടെ മരണപ്പെടാവുന്നതും ക്ഷതം ഏറ്റ് മനുഷ്യ ജീവന് മുഴുവനായി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാവുന്ന ഗുരുതര കുറ്റകൃത്യ പ്രവൃത്തിയാണ് അധികാരത്തിന്റെ മറവിൽ നടന്നിട്ടുള്ളത്.
ഇത്തരം വേട്ടയാടൽ പ്രവൃത്തി നടത്തിയവർക്ക് എതിരെ വധശ്രമത്തിന് അറസ്റ്റ് രേഖപ്പെടുത്തുവാൻ നിലവിലത്തെ എസ് ഐ ടി അന്വേഷണ സംഘം മടി കാണിക്കുന്നത് നിയമപരമായി അംഗീകരിക്കുവാൻ കഴിയില്ല. നിലവിലത്തെ അന്വേഷണത്തിൽ പിണറായി വിജയൻറെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി ഇത് സംബന്ധിച്ച് ഇപ്പോൾ എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്.
കരിങ്കൊടി വീശിയവരെ കസ്റ്റഡിയിലെടുത്ത് നിയമ നടപടി സ്വീകരിക്കുവാൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അടക്കം സംഭവത്തിൽ ദൃക്സാക്ഷികൾ ആക്കേണ്ടതുണ്ട്. ഉറച്ച ദൃക്സാക്ഷി മൊഴികളും വധശ്രമത്തിന് കൃത്യമായ വകുപ്പും അറസ്റ്റും ഉറപ്പാക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടു.



