111 ദിവസം കൊണ്ട് 111 വികസന പദ്ധതി ലക്ഷ്യം; പാലക്കാട് എംഎൽഎ രമേഷ് പിഷാരടിയുടെ ജനകീയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: വികസനക്കുതിപ്പിന് പുതിയ വേഗതയും മാതൃകയും നൽകുമെന്ന് പ്രഖ്യാപിച്ച് പാലക്കാട് നിയോജകമണ്ഡലം എംഎൽഎ രമേഷ് പിഷാരടിയുടെ ജനകീയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. 111 ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ 111 സുപ്രധാന വികസന പദ്ധതികൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന വമ്പൻ കർമപദ്ധതിയോടെയാണ് ഓഫീസ് ഉദ്ഘാടനം നടന്നത്.
മുൻ ജനപ്രതിനിധികൾ തുടക്കമിട്ടതും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിക്കിടക്കുന്നതുമായ പദ്ധതികൾ ഉൾപ്പെടെ, പുതിയ വികസന ആശയങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന് എംഎൽഎ രമേഷ് പിഷാരടി അറിയിച്ചു. വി.കെ. ശ്രീകണ്ഠൻ എംപിയാണ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്. ജനകീയ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം കാണുന്ന കേന്ദ്രമായി ഓഫീസ് മാറുമെന്ന് എംപി ആശംസിച്ചു.
ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ എംഎൽഎ ഫണ്ടിൽ നിന്ന് ആദ്യ വികസന സഹായവും പ്രഖ്യാപിച്ചു. പിരായിരി മെട്രോ നഗറിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി 5 ലക്ഷം രൂപയാണ് അനുവദിച്ചത്. കുഴൽക്കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോർ സ്ഥാപിക്കൽ, പൈപ്പ് ലൈൻ വിപുലീകരണം എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക. ജലജീവൻ മിഷൻ പദ്ധതിയോടെ പ്രദേശത്തെ ജലക്ഷാമത്തിന് സ്ഥിരപരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നെല്ലുസംഭരണം ശക്തിപ്പെടുത്തൽ, സിറ്റി ബസ് സർവീസ് വിപുലീകരണം, ഗവ. മെഡിക്കൽ കോളേജ് വികസനം, പഞ്ചായത്ത് ഓഡിറ്റോറിയം നിർമാണം, റോഡ് നവീകരണം, സ്കൂൾ ഡിജിറ്റൈസേഷൻ തുടങ്ങിയ പദ്ധതികളും 111 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് എംഎൽഎ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മേഖലയിലെ മികവിന് പ്രോത്സാഹനം നൽകാൻ എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികൾക്ക് അവാർഡുകളും നൽകും. കൂടാതെ ജനസമ്പർക്ക പരിപാടികൾ, പരാതികൾ സ്വീകരിക്കുന്ന പ്രത്യേക സംവിധാനം, ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
പാലക്കാട്–ചിറ്റൂർ റോഡിലെ മണപ്പുള്ളിക്കാവ് ദുർഗാനഗർ സ്ട്രീറ്റ് ഒന്നിന്റെ തുടക്കത്തിലാണ് ജനങ്ങൾക്ക് എപ്പോഴും സമീപിക്കാവുന്ന രീതിയിൽ പുതിയ ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.



