ആസൂത്രിതമായ ആക്രമണം’: ആരോഗ്യമന്ത്രി രാജിവയ്ക്കില്ല;എം വി ഗോവിന്ദൻ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ വിമർശനം നേരിടുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെയും മന്ത്രി വി.എൻ. വാസവനെയും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രക്ഷാപ്രവർത്തനത്തിലുണ്ടായത് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള സ്വാഭാവിക കാലതാമസം മാത്രമാണെന്നാണ് ഗോവിന്ദന്റെ വിശദീകരണം.

മന്ത്രിമാർക്ക് നൽകിയ പ്രാഥമിക വിവരമനുസരിച്ച് രണ്ട് പേർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നായിരുന്നു. എന്നാൽ ഈ വിവരങ്ങൾ പിന്നീട് തെറ്റാണെന്ന് തെളിഞ്ഞുവെന്ന് വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു. ആരോഗ്യമന്ത്രി രാജിവയ്ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കുകയും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മരിച്ചവരുടെ ബന്ധുക്കൾക്ക് പോലും ഇല്ലാത്ത ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആദ്യ വിവരങ്ങളെക്കുറിച്ചാണ് മന്ത്രിമാർ ആദ്യം സംസാരിച്ചത്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയായിരുന്നു പ്രതികരണം. ഉപകരണങ്ങൾ എത്തിക്കുന്നതിലെ കാലതാമസത്തെ പോലും പ്രതിപക്ഷം വിമർശിച്ചു. ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.സ്വകാര്യ കച്ചവടക്കാർക്ക് സൗകര്യം ഒരുക്കാനായി യുഡിഎഫും മാദ്ധ്യമങ്ങളും ചേർന്ന് ആരോഗ്യ മേഖലയെ കടന്നാക്രമിക്കുകയാണ്.

ലോക മാതൃകയെ മായ്ക്കാനും തെറ്റായി ചിത്രീകരിക്കാനുമാണ് ശ്രമിക്കുന്നത്. സ്വകാര്യമേഖലക്ക് വേണ്ടിയുള്ള പ്രചാര വേല ജനദ്രോഹ നടപടിയാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങൾക്കെതിരെ വലിയ പ്രചാര വേലകൾ പ്രതിപക്ഷം നടത്തുന്നു. ‘സംസ്ഥാനത്ത് ആർദ‌്രം പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യ മേഖലയിൽ വലിയ സൗകര്യങ്ങൾ ഉണ്ടായി. വലിയ തോതിൽ സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങി കൂട്ടുന്ന പ്രവണത ഇപ്പോഴുമുണ്ട്’. ഗോവിന്ദൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *