ഇന്ധനവില വീണ്ടും കുതിക്കുന്നു; പെട്രോളിനും ഡീസലിനും തുടർച്ചയായ വർധന, കൂടുതൽ വിലക്കയറ്റത്തിനും സാധ്യത

ന്യൂഡല്‍ഹി: ഏതാനും വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും തുടർച്ചയായ വർധന രേഖപ്പെടുത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും മൂലം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില വർധനയ്ക്ക് പ്രധാന കാരണം.
ഈ മാസം 15ന് ശേഷം മൂന്ന് തവണയാണ് ഇന്ധനവിലയിൽ മാറ്റമുണ്ടായത്. ശനിയാഴ്ച അർധരാത്രിക്ക് ശേഷം പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചു. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമേ സിഎൻജിക്കും വില വർധന ബാധകമാക്കിയിട്ടുണ്ട്.
മേയ് 15ന് ശേഷം മൂന്ന് ഘട്ടങ്ങളിലായി പെട്രോളിനും ഡീസലിനും ഏകദേശം 4.81 രൂപയുടെ വർധനവാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നും ഇത് നികത്താൻ ഇനിയും വില കൂട്ടാതെ മാർഗമില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞത് പത്ത് രൂപയെങ്കിലും കൂടി വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇന്ധനവില വർധന തുടർന്നാൽ അവശ്യസാധനങ്ങളുടെ വിലയിലും വലിയ സ്വാധീനം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഗതാഗതച്ചെലവ് കൂടുന്നതോടെ വിപണിയിലെ പൊതുവിലക്കയറ്റം രൂക്ഷമാകാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്കിൽ ഉണ്ടായ തടസ്സത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്നു. നിലവിൽ ഇത് 100 മുതൽ 105 ഡോളർ വരെയുള്ള നിരക്കിലാണ് തുടരുന്നത്.
ഇതിനിടെ, മൂന്ന് തവണ വില വർധിപ്പിച്ചിട്ടും നഷ്ടം നികത്താനായിട്ടില്ലെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നു. നിലവിലെ വിൽപ്പന നിരക്കിൽ ഡീസലിന് ലിറ്ററിന് 30 രൂപവരെയും പെട്രോളിന് 14 രൂപവരെയും നഷ്ടമുണ്ടെന്നാണ് ബിപിസിഎൽ ചെയർമാൻ അടുത്തിടെ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ഇറക്കുമതി നികുതി ഒഴിവാക്കിയിട്ടും പ്രതിസന്ധി തുടരുകയാണെന്നും എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.



