സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം അട്ടിമറിച്ചെന്ന് ആരോപിച്ച് ഗവർണർക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇടപെട്ട് അട്ടിമറി നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ച നിയമനം ഗവർണർ തടഞ്ഞുവച്ചതായും അതുവഴി ഭരണഘടനാപരമായ നടപടിക്രമങ്ങൾ തകർത്തതായും അദ്ദേഹം ആരോപിച്ചു.
മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മാർച്ച് 31-ന് വിരമിക്കുന്നതിന് മുമ്പ് പുതിയ കമ്മീഷണറായി നിയമ സെക്രട്ടറി സനൽ കുമാറിനെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച ഫയൽ രാജ്ഭവനിലേക്ക് അയച്ചെങ്കിലും, സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ തീരുമാനം മാറ്റിവെച്ചുവെന്നാണ് ആരോപണം.
തുടർന്ന് ഹൈക്കോടതിയുടെ സമ്മതപത്രം ആവശ്യപ്പെട്ട ഗവർണർക്ക് അതും സർക്കാർ ലഭ്യമാക്കിയിരുന്നുവെങ്കിലും നിയമനത്തിന് അനുമതി നൽകിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഗവർണറുടെ നിർദേശപ്രകാരം പുതിയ സർക്കാർ മറ്റൊരു പേര് പരിഗണിക്കാനൊരുങ്ങുകയാണെന്നും ഇത് മുൻ സർക്കാരിന്റെ തീരുമാനത്തെ അട്ടിമറിക്കുന്ന നടപടിയാണെന്നും പിണറായി വിജയൻ ആരോപിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട വിവാദം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, ഗവർണറുടെയും സർക്കാരിന്റെയും നിലപാടുകൾക്കിടയിലെ അഭിപ്രായഭിന്നത വീണ്ടും ശ്രദ്ധേയമാകുകയാണ്.



