ഹരിപ്പാട് ബാലഭിക്ഷാടന മാഫിയ: കർശന നടപടിക്ക് നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ

ആലപ്പുഴ: ഹരിപ്പാട്ട് പുറത്തുവന്ന ബാലഭിക്ഷാടന മാഫിയയുടെ പ്രവർത്തനം അതീവ ഞെട്ടിക്കുന്നതാണെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുമായി നേരിട്ട് സംസാരിച്ച മന്ത്രി, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇരകളായ കുട്ടികൾക്ക് വിദഗ്ധ കൗൺസിലിങ് ഉറപ്പാക്കാൻ ശിശുക്ഷേമ സമിതി ചെയർപേഴ്സണോടും മന്ത്രി ആവശ്യപ്പെട്ടു.

ഭിക്ഷാടനത്തിനായി കുട്ടികളെ എത്തിച്ചത് പിതാവിന്റെ സഹോദരൻ തന്നെയാണെന്ന വിവരം ഏറെ വേദനാജനകമാണെന്ന് മന്ത്രി പറഞ്ഞു. കാണാതായ മറ്റൊരു കുട്ടിയെ ഉടൻ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തുടനീളം ഇത്തരം സംഭവങ്ങൾ തടയാൻ പ്രത്യേക നിരീക്ഷണവും നടപടികളും ശക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരൻ നൽകിയ മൊഴി കേസിൽ നിർണായകമായി. തൂത്തുക്കുടിയിലെ ഒരു അനാഥാലയത്തിൽ നിന്ന് കുട്ടികളെ എത്തിച്ചെന്ന ആരോപണത്തിൽ കുട്ടിയുടെ ചെറിയച്ഛനായ അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ വിദ്യാഭ്യാസവും ജോലിയും വാഗ്ദാനം ചെയ്താണ് കുട്ടികളെ തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്നതെന്നും ഹരിപ്പാട് മാത്രം ഇത്തരത്തിൽ ഇരുപതോളം കുട്ടികൾ സംഘത്തിന്റെ നിയന്ത്രണത്തിലുണ്ടെന്നും കുട്ടി മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇത് സംസ്ഥാനവ്യാപകമായി പ്രവർത്തിക്കുന്ന ഒരു സംഘടിത റാക്കറ്റാകാമെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് (ജെ.ജെ.) ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബാലഭിക്ഷാടന മാഫിയയിൽ ഉൾപ്പെട്ടവർക്കെതിരെ മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button