ദേശീയഗാനം രണ്ട് തവണ; തമിഴ്നാട് നിയമസഭയിൽ ചരിത്രനിമിഷമെന്ന് ഗവർണർ ആർലേക്കർ

തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം രണ്ട് തവണ ആലപിച്ചതിനെ ചരിത്രപരമായ മാറ്റമായി വിശേഷിപ്പിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.

സാധാരണയായി സമ്മേളനത്തിന്റെ തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും അവസാനത്തിൽ ദേശീയഗാനവുമാണ് നിയമസഭയിലെ പതിവ്. എന്നാൽ ഇത്തവണ സമ്മേളനത്തിന്റെ തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തിനോടൊപ്പം ദേശീയഗാനവും ആലപിച്ചു. സഭ അവസാനിക്കുമ്പോഴും വീണ്ടും ദേശീയഗാനം ആലപിച്ചതാണ് ശ്രദ്ധേയമായത്.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തടസ്സമില്ലാതെ സഭയിൽ മുഴുവനായും വായിക്കാനായതിൽ വലിയ സംതൃപ്തിയുണ്ടെന്ന് ഗവർണർ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന സമീപനമാണിതെന്നും ലോക് ഭവനും സംസ്ഥാന സർക്കാരും തമ്മിലുള്ള സഹകരണബന്ധത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരും ഗവർണറുടെ ഓഫീസും തമ്മിലുള്ള യോജിച്ച പ്രവർത്തനം തമിഴ് ജനതയുടെ പ്രതീക്ഷകൾക്കൊത്ത സ്ഥിരതയുള്ള ഭരണത്തിന് വഴിയൊരുക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന മാതൃകാപരമായ ഭരണകൂടം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വന്ദേമാതരം ഒഴിവാക്കി തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് സഭ ആരംഭിച്ചത്. ഇതോടെ ഈ വിഷയത്തിൽ വിമർശനം ഉയർത്താനിരുന്ന ഡിഎംകെയുടെ നീക്കം ഭാഗികമായി മങ്ങിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ തുടക്കത്തിൽ ദേശീയഗാനം കൂടി ഉൾപ്പെടുത്തിയ നടപടി പതിവിൽ നിന്നുള്ള മാറ്റമായാണ് കാണപ്പെടുന്നത്.

നയപ്രഖ്യാപന പ്രസംഗത്തിൽ ത്രിഭാഷാ നയത്തിനെതിരായ തമിഴ്നാടിന്റെ നിലപാട് ആവർത്തിക്കുകയും മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന സർക്കാർ നിലപാടും വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് ഡിഎംകെ നിയമസഭാ കവാടത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button