‘പിണറായിയും സ്വകാര്യ വിമാനത്തിൽ പോയിട്ടുണ്ട്’; അന്ന് ആരും പേര് ചോദിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തേക്ക് പോയ വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. പരിചയക്കാരനായ ഒരാളാണ് തനിക്ക് വിമാനയാത്ര സൗകര്യം ഒരുക്കി തന്നതെന്നും അതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്ന കാലത്തും സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞാൻ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഞാൻ ഇതുവരെ നടത്തിയ വിമാന യാത്രയ്ക്കോ ഹെലികോപ്റ്റർ യാത്രയ്ക്കോ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഹെലികോപ്റ്ററിൽ യാത്ര ചെയ്താലും ഇല്ലെങ്കിലും മാസം 80 ലക്ഷം രൂപ നൽകണം. സെപ്തംബർ 19ന് ആ കരാർ അവസാനിച്ചു. ആ കരാറിന് മുൻപ് രണ്ടു പ്രാവശ്യം ഉപയോഗിച്ചത് അല്ലാതെ ഈ സർക്കാർ വന്നശേഷം ഒരു രൂപ പോലും എന്റെ യാത്രക്ക് വേണ്ടി എടുത്തിട്ടില്ല.
മലപ്പുറത്ത് വലിയ അപകടം ഉണ്ടായി ആറുപേർ മരിച്ചു. അന്ന് പോകാൻ പരിചയക്കാരനായ ഒരാൾ എനിക്ക് വിമാനം അറേഞ്ച് ചെയ്ത് തന്നു. അതിൽ എന്താണ് തെറ്റ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അതിനെക്കുറിച്ച് നടത്തിയ പ്രസ്താവന ഞാൻ കണ്ടു. വിമാനം ഏർപ്പെടുത്തിയത് ആരാണെന്ന് പറയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കേരളത്തിൽ സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. പേര് അവർ വെളിപ്പെടുത്തിയിട്ടുണ്ടോ?
മലയാളിയായ ഒരാൾ എനിക്ക് പോയിട്ട് തിരിച്ചുവരാൻ അറേഞ്ച് ചെയ്ത് തന്നതാണ്. അതിന് പണം മുടക്കിയത് ആരാണെന്ന് പറയേണ്ട കാര്യമില്ല. അവരുടെ പേര് എന്തിനാണ് വലിച്ചിഴയ്ക്കുന്നത്. ഞാൻ ഇനിയും ആവശ്യം വന്നാൽ പോകും. ഇതിന് മുൻപ് കേരളം ഭരിച്ച മുഖ്യമന്ത്രിമാരും സ്വകാര്യ വിമാനത്തിൽ ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്. വിമാനയാത്ര അറേഞ്ച് ചെയ്ത് തന്നുവെന്ന് പറഞ്ഞ് അവർക്ക് വേണ്ടി ഒന്നും ചെയ്ത് കൊടുക്കേണ്ടിവന്നിട്ടില്ല. മന്ത്രിമാർ വിദേശത്ത് എല്ലാം പോകുന്നത് എന്തിനാണ് ഇത്രയും വാർത്തയാക്കുന്നത്. അവർ അവരുടെ ചെലവിലല്ലേ പോകുന്നത്
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകും. റോഡ് അപകടങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുകയാണെന്നും ഇതുകുറയ്ക്കാൻ അതിശക്തമായ ഒരു ക്യാമ്പയിൻ സർക്കാർ ആരംഭിക്കുകയാണ്. കേരളപ്പിറവിക്ക് ശേഷം നമ്മൾ 70-ാം വർഷത്തിലേക്ക് കടക്കുകയാണ്. കേരളപ്പിറവിയുടെ ആഘോഷം വലിയ ആഘോഷമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വയോജന വകുപ്പിന്റെ പേര് മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ് എന്ന് പേര് മാറ്റി.ലോക കേരള സഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പകരം വളരെ ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാക്കും. ലോക കേരള സഭ വലിയ ധൂർത്താണ്. അതിനാലാണ് പിരിച്ചുവിടുന്നത്. എന്നാൽ പ്രവാസികളുടെ വിഷയങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുവരാൻ ഒരു ബദൽ സംവിധാനം കൊണ്ടുവരും.
ഇഡി തന്ന കത്തിൽ നിയമോപദേശം ലഭിച്ച ശേഷമാണ് മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണം നിയമപരമായ ബാദ്ധ്യതയാണ്. കേരള പൊലീസിന് അന്വേഷണം നടത്തിയേ മതിയാകു. ആരെയും വേട്ടയാടാൻ വേണ്ടിയല്ല ഇത് ചെയ്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും’- വി ഡി സതീശൻ വ്യക്തമാക്കി.



