നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ദില്ലി: നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പുനപരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാണ് ഡോ. മംഗള കോഹ്ലി നൽകിയ ഹർജിയിലെ ആവശ്യം. രാജ്യത്തെ ചില സെന്ററുകളിൽ മാത്രം ചോദ്യപേപ്പർ ചോർന്നതിനാൽ മുഴുവൻ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്രമക്കേട് നടന്ന കേന്ദ്രങ്ങളിൽ മാത്രം പരീക്ഷ റദ്ദാക്കേണ്ടതാണെന്നും ഹർജിക്കാരി വാദിക്കുന്നു. ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും തുടർന്ന് പുനപരീക്ഷ നടത്താനുള്ള നോട്ടിഫിക്കേഷനും റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കുമെന്നാണ് വിവരം.

അതേസമയം, മെയ് 3ന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21ന് പുനപരീക്ഷ നടത്താൻ ദേശീയ പരീക്ഷ ഏജൻസി (NTA) തീരുമാനിച്ചിരുന്നു.

പുനപരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. 1467 വിദ്യാർത്ഥികൾ എൻടിഎയ്ക്ക് നിവേദനം നൽകി. ഒരുമാസം കൂടി സമയം ലഭിക്കാതെ പെട്ടെന്ന് പരീക്ഷ പ്രഖ്യാപിച്ചതിനാൽ തയ്യാറെടുപ്പ് സാധ്യമല്ലെന്നതാണ് വിദ്യാർത്ഥികളുടെ പരാതി.

ഇതിനിടെ, പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി കേന്ദ്ര സർക്കാർ കർശന നടപടികളുമായി രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാമിന് ജൂൺ 22 വരെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. മെസേജ് എഡിറ്റ് ഫീച്ചറും ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം നേരിടുന്നതിനിടെ, തട്ടിപ്പുകൾക്ക് സാധ്യതയുള്ള ഓൺലൈൻ ചാനലുകൾ അടച്ചുപൂട്ടുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനങ്ങൾ പൂർണമായും തട്ടിപ്പാണെന്ന് എൻടിഎയും മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button