രാജ്യം നടുങ്ങിയ വിമാനദുരന്തത്തിന് ഒരാണ്ട്; അന്വേഷണത്തിൽ വ്യക്തതയില്ല, പൈലറ്റിന്റെ അവസാനവാക്ക് ഇപ്പോഴും സംശയനിഴലിൽ

അഹമ്മദാബാദ്: 260 പേരുടെ ജീവൻ നഷ്ടമായ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം പൂർത്തിയായി. 2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗേറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പറന്നുയർന്ന് വെറും 32 സെക്കൻഡിനുള്ളിൽ തകർന്നുവീഴുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേർ മരണപ്പെട്ടു. കൂടാതെ വിമാനം പതിച്ച പ്രദേശത്തുണ്ടായിരുന്ന 19 പേരും അപകടത്തിൽ മരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമദുരന്തങ്ങളിൽ ഒന്നായി ഈ സംഭവം ഇന്നും കണക്കാക്കപ്പെടുന്നു.
അപകടത്തിന് പിന്നാലെ നടന്ന പ്രാഥമിക അന്വേഷണത്തിൽ ടേക്ക് ഓഫ് സമയത്ത് കോക്ക്‌പിറ്റിലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ‘റൺ’ നിലയിൽ നിന്ന് ‘കട്ട്-ഓഫ്’ നിലയിലേക്ക് മാറിയതായാണ് കണ്ടെത്തിയത്. ഇതോടെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് സ്വിച്ചുകൾ വീണ്ടും ‘റൺ’ നിലയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
എന്നാൽ ഈ സ്വിച്ചുകൾ ആരാണ് ഓഫ് ചെയ്തത് എന്നതിനെക്കുറിച്ച് വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ല. കോക്ക്‌പിറ്റിൽ നിന്നുണ്ടായ പൈലറ്റുമാരുടെ ആശയവിനിമയത്തിൽ ഉയർന്ന ചോദ്യങ്ങളും ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്. അപകടത്തിൽ പൈലറ്റ് പിഴവോ, സാങ്കേതിക തകരാറോ, അതോ മറ്റ് കാരണങ്ങളോ എന്നതിൽ വ്യക്തതയില്ല.
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം തുടരുകയാണ്. അന്തിമ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, നിയമപരമായ സമയപരിധി പരിഗണിച്ച് ഇടക്കാല റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.
അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വകുമാർ രമേശ് ഉൾപ്പെടെയുള്ളവർ സംഭവത്തിന്റെ യഥാർത്ഥ കാരണം പുറത്തുവരണമെന്ന് ആവശ്യമുയർത്തുന്നു. ഇരകളുടെ കുടുംബങ്ങൾക്കും ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമാണ് ബാക്കി.



