മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; ആറ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ഇഡിയെ ആക്രമിച്ച കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർ മ്യൂസിയം പൊലീസ് സ്റ്റേഷൻ വളപ്പിൽ ഓണാഘോഷം നടത്തിയ സംഭവത്തിൽ നടപടി. സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റും. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിന് ശേഷമായിരിക്കും എസ്‌എച്ച്‌ഒയ്‌ക്കെതിരെ നടപടി സ്വീകരിക്കുക. ഇക്കാര്യത്തിൽ ദക്ഷിണമേഖലാ ഐജി തീരുമാനമെടുക്കും.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം പ്രതികളെ ഉടൻ പറഞ്ഞുവിടേണ്ടത് എസ്‌എച്ച്‌ഒയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമായിരുന്നു. എന്നാൽ സ്റ്റേഷനിൽ ഒരുക്കിയിരുന്ന ഊഞ്ഞാലും ചെണ്ടയും ഉൾപ്പെടെ പ്രതികൾ ഉപയോഗിച്ചിട്ടും അത് തടയാൻ പൊലീസിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ബി. കൃഷ്ണ റിപ്പോർട്ട് ദക്ഷിണമേഖലാ ഐജിക്ക് കൈമാറി. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, പ്രതികൾക്ക് പൊലീസ് വസ്ത്രം വാങ്ങി നൽകിയെന്ന ആരോപണം റിപ്പോർട്ടിൽ തള്ളിയിട്ടുണ്ട്. പാളയത്തെ ഒരു ടെക്‌സ്റ്റൈൽസിൽ നിന്ന് 68 ഷർട്ടുകളാണ് മ്യൂസിയം സ്റ്റേഷനിലേക്ക് വാങ്ങിയത്. ഷർട്ടുകളും പൊലീസുകാരുടെ പട്ടികയും പരിശോധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഐ.പി. ബിനുവിന്റെ ഷർട്ടും പൊലീസുകാർ ധരിച്ചിരുന്ന ഷർട്ടുകളും നീലനിറത്തിലായിരുന്നെങ്കിലും ഇവ രണ്ടും വ്യത്യസ്തമായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.



