കേരളത്തില്‍ ഇനി കോഴിയേയയും പേടിക്കണം! പൂവന്‍കോഴിയുടെ ക്രൂരമായ ആക്രമണത്തില്‍ മുഖത്ത് 12 തുന്നലുകള്‍, കണ്ണിനും പരിക്ക്

കൊല്ലം പൂയപ്പള്ളിയില്‍ വഴിനടന്നുപോയ എഴുപത്തിനാലുകാരിയായ വയോധികയ്ക്ക് നേരെ പൂവന്‍കോഴിയുടെ ക്രൂരമായ ആക്രമണം. പൂയപ്പള്ളി മരുതമണ്‍പള്ളി സുജിത്ത് ഭവനില്‍ ജോയിസ് (74) എന്ന വയോധികയ്ക്കാണ് അപ്രതീക്ഷിതമായി ഉണ്ടായ കോഴിയുടെ അക്രമത്തില്‍ സാരമായി പരിക്കേറ്റത്. ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി മുറിവേറ്റ ജോയിസിന്റെ പരിക്കുകള്‍ ഭേദമാക്കാന്‍ ഡോക്ടര്‍മാര്‍ 12 തുന്നലുകള്‍ ഇടേണ്ടി വന്നു. കഴിഞ്ഞ ദിവസം രാവിലെ വീടിന് സമീപത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ മടങ്ങുന്നതിനിടയിലായിരുന്നു റോഡില്‍ വെച്ച് വയോധികയെ പൂവന്‍കോഴി അതിക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

വഴിയിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ ദേഹത്തേക്ക് പൂവന്‍കോഴി പെട്ടെന്ന് ചാടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ തലയില്‍ കയറി നിന്നുകൊണ്ട് തലയിലും മൂക്കിന്റെ വശങ്ങളിലും ഇടതു പുരികത്തിന് സമീപവും കോഴി ദാക്ഷിണ്യമില്ലാതെ കൊത്തി മുറിവേല്‍പ്പിച്ചു. ജോയിസിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപവാസിയായ സ്ത്രീ ഓടിയെത്തുമ്പോഴേക്കും ഇവര്‍ ചോരയില്‍ കുളിച്ച നിലയില്‍ നിലത്തു വീണിരുന്നു. ഈ സമയത്തും വയോധികയുടെ തലയില്‍ കയറിനിന്ന് പൂവന്‍കോഴി ക്രൂരമായി കൊത്തുകയായിരുന്നുവെന്ന് ഓടിയെത്തിയ നാട്ടുകാരി സാക്ഷ്യപ്പെടുത്തുന്നു.

ഓടിയെത്തിയ സ്ത്രീ ഉടന്‍ തന്നെ കോഴിയെ അടിച്ചോടിച്ചതു കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. തുടര്‍ന്ന് രക്തത്തില്‍ കുളിച്ചു കിടന്ന ജോയിസിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടനടി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കി. പൂവന്‍കോഴിയുടെ ശക്തമായ കൊത്തലില്‍ വയോധികയുടെ കണ്ണിനും സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഈ കോഴി മുന്‍പും ഇതേ വഴിയിലൂടെ നടന്നു പോയപ്പോള്‍ തങ്ങളെ കൊത്താനായി ഓടിച്ചിട്ടുണ്ടെന്നും, അന്ന് ഭാഗ്യം കൊണ്ടാണ് ഓടി രക്ഷപ്പെട്ടതെന്നും ജോയിസിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും അപ്രതീക്ഷിത ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് പ്രദേശവാസികളില്‍ ഇപ്പോള്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button