തമിഴ്നാട്ടിലെ എംഎൽഎമാർക്ക് പുതിയ കാറുകൾ; ഡ്രൈവറുടെ ശമ്പളത്തിനും ചെലവുകൾക്കുമായി മാസം 75,000 രൂപ

ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും മണ്ഡലങ്ങളിൽ യാത്ര ചെയ്യുന്നതിനായി പുതിയ കാറുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വിജയ്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസിലാക്കാനും മണ്ഡലങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്താനും എംഎൽഎമാർക്ക് വാഹന സൗകര്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എംഎൽഎമാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി വിസികെ എംഎൽഎ ജ്യോതിമണി നിയമസഭയിൽ കാറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.
പുതിയ കാറുകൾ അനുവദിക്കുന്നതിന് പുറമെ ഡ്രൈവറുടെ ശമ്പളവും മറ്റ് അനുബന്ധ ചെലവുകളും വഹിക്കുന്നതിനായി ഓരോ എംഎൽഎയ്ക്കും മാസം 75,000 രൂപ വീതം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. എംഎൽഎ ഓഫീസുകളിൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി മാസം 25,000 രൂപ അധികമായും നൽകും.
മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും എംഎൽഎമാരുടെ പ്രവർത്തനം സുഗമമാക്കുന്നതിനുമാണ് പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.
തമിഴ്നാട് നിയമസഭയിൽ ആകെ 234 എംഎൽഎമാരാണുള്ളത്. നിലവിൽ എംഎൽഎമാർക്ക് ഒരു ലക്ഷത്തിലധികം രൂപ ശമ്പളമുണ്ടെന്നും ഇതിനുപുറമെയാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
മുഖ്യമന്ത്രി വിജയുടെ പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎൽഎ സിന്ധു പാട്ടുപാടി വിജയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.



