മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തില്ല; തമിഴ്‌നാടിന്റെപ്രഖ്യാപനത്തിനെതിരെ നിയമനടപടിക്ക് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം. ഒരു കാരണവശാലും ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ലെന്നും, ആവശ്യമായാൽ കോടതിയെ സമീപിക്കുന്നതടക്കമുള്ള എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
ഡാമിന്റെ സുരക്ഷയാണ് കേരളത്തിന്റെ പ്രധാന ആശങ്കയെന്നും, നിലവിലുള്ള 142 അടി എന്ന വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട് സർക്കാരിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിലുള്ള കരാറുകളും കോടതിവിധികളും അടിസ്ഥാനമാക്കി ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി എൻ. മേരി വിൽസൺ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
മുല്ലപ്പെരിയാറിൽ കൂടുതൽ ജലം സംഭരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തമിഴ്‌നാട് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെ ഉയർത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നുവെങ്കിലും, സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി കേരളം തുടർച്ചയായി എതിർപ്പ് അറിയിച്ചുവരികയാണ്.
തമിഴ്‌നാടിന്റെ പുതിയ പ്രഖ്യാപനത്തോടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരള–തമിഴ്‌നാട് തർക്കം വീണ്ടും ശക്തമാകാനാണ് സാധ്യത.



