മാസപ്പടി കേസ്; പിണറായിക്കെതിരായ ഇഡി ശുപാർശയിൽ തീരുമാനം നിയമപരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ഇഡി ഗൗരവമേറിയ തെളിവുകൾ കൈമാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാസപ്പടി കേസ് മാത്രം അല്ല ഇഡി അയച്ചത്. ഗൗരവമേറിയ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നാണ് ഗോവിന്ദൻ്റെ വിമര്‍ശനം.
പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജയരാജന് ആവശ്യപ്പെട്ടു. അകത്താക്കാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



