രാഹുലിനെയും മോദിയെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ വിജയ്‌യുടെ നീക്കമോ? രാഷ്ട്രീയ തന്ത്രത്തിനെതിരെ വിമർശനം ശക്തം!

ചെന്നൈ: എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ടിവികെ സ്വീകരിക്കുന്ന നിലപാടുകളിൽ വൻ വൈരുധ്യമെന്ന് രൂക്ഷവിമർശനം. എസ്.ഐ.ആറിനെ എതിർക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോഴും പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും അടിച്ചമർത്തൽ സമീപനങ്ങളെ ചെറുക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യ മുന്നണി പാർട്ടികൾ ആരോപിക്കുന്നു. വിഷയത്തിൽ ടി.വി.കെ അധ്യക്ഷൻ വിജയ് പരസ്യ പ്രസ്താവനകൾക്ക് മടിക്കുന്നത് പാർട്ടി പ്രവർത്തകർക്കിടയിലും വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്.

രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയും അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിണക്കാതിരിക്കുകയും ചെയ്യുന്ന അപകടകരമായ രാഷ്ട്രീയ നയതന്ത്രമാണ് വിജയ് നടത്തുന്നതെന്നാണ് പ്രധാന വിമർശനം. കോൺഗ്രസിന്റെ സമ്മർദ്ദത്തെത്തുടർന്ന് തമിഴ്നാട്ടിലെ ഇന്ത്യ മുന്നണി യോഗത്തിൽ ടി.വി.കെ പങ്കെടുത്തിരുന്നു. തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിലേക്ക് പ്രതിനിധിയെ അയച്ചെങ്കിലും പ്രവർത്തകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു.

പ്രതിപക്ഷം വിളിച്ചുചേർത്ത ചില യോഗങ്ങൾ ബഹിഷ്കരിച്ചെങ്കിലും ഡൽഹിയിൽ നടക്കുന്ന കേന്ദ്ര വിരുദ്ധ പ്രതിഷേധങ്ങളിൽ നിന്ന് ടി.വി.കെ പൂർണ്ണമായും അകലം പാലിക്കുകയാണ്. അതിനിടെ, വോട്ട് ചോർച്ച ആരോപണം ഉയർന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിടണമെന്ന ഇന്ത്യ മുന്നണിയുടെ ആവശ്യത്തോടും ടി.വി.കെ എതിർപ്പ് പ്രകടിപ്പിച്ചു. കോൺഗ്രസ് ഈ നിലപാട് ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണെന്നും, ഇത്തരം തീരുമാനങ്ങൾ തമിഴ്നാട് സർക്കാരിനെയും ബാധിക്കില്ലേ എന്നുമാണ് ടി.വി.കെ നേതാക്കളുടെ ചോദ്യം. വിഷയത്തിൽ വിജയിയുടെ നിലപാടില്ലായ്മ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button