കാലവർഷം ശമിക്കുന്നു; മഴ മുന്നറിയിപ്പിൽ ഇളവ്, ഇന്ന് 4 ജില്ലകൾക്ക് മാത്രം യെല്ലോ അലേർട്ട്

കേരളത്തിൽ കാലവർഷം ദുർബലപ്പെടുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നിലവിൽ മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ പ്രത്യേക അലേർട്ടുകൾ ഒന്നും തന്നെ നൽകിയിട്ടില്ല.
അതേസമയം, അലേർട്ടുകൾ ഇല്ലാത്ത ജില്ലകളിലും ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ നാളെ (തിങ്കളാഴ്ച) സംസ്ഥാനത്തെ ഒരു ജില്ലയിലും നിലവിൽ മഴ മുന്നറിയിപ്പുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നത് വരും ദിവസങ്ങളിൽ മഴയുടെ ശക്തി വലിയ തോതിൽ കുറയുമെന്നതിന്റെ സൂചനയാണ്.



